പറക്കാന്‍ സാധിക്കാത്ത കടല്‍ പക്ഷിയാണ് പെന്‍ഗ്വിന്‍. ഇത്തിരികുഞ്ഞന്മാര്‍ മുതല്‍ രാജാക്കന്മാര്‍ വരെയുണ്ട് ഈ പെന്‍ഗ്വിന്‍ കൂട്ടത്തില്‍. ഭൂമധ്യരേഖയ്ക്ക് താഴെയായിട്ടാണ് ഒട്ടുമിക്ക പെന്‍ഗ്വിനുകളുടെയും വാസസ്ഥലം. അപൂര്‍വം വരുന്ന ചില പെന്‍ഗ്വനുകള്‍ ചൂടേറിയ കാലാവസ്ഥയില്‍ ജീവിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വരുന്നവയെയും തണുപ്പുള്ള പ്രദേശങ്ങളിലാണ് കാണാന്‍ കഴിയുക.
മെയ് മാസത്തില്‍ കാലാവസ്ഥ വ്യതിയാനം രൂക്ഷമായതിന് പിന്നാലെ അന്റാര്‍ട്ടിക്കയിലെ ഏറ്റവും ശക്തമായ പെന്‍ഗ്വിന്‍ കോളനികള്‍ക്ക് മുന്നിലേക്ക് ഭീമന്‍ മഞ്ഞുമല പൊട്ടിവീണ് പെന്‍ഗ്വിനുകള്‍ ഒറ്റപ്പെട്ട് പോയിരുന്നു. വര്‍ഷം തോറും വിജയകരമായി ബ്രീഡിംഗ് നടത്തുന്ന 25000 പെന്‍ഗ്വിനുകള്‍ അടങ്ങിയ കോളനിയാണ് ഒറ്റപ്പെട്ട് പോയത്. സംഭവത്തിന് പിന്നാലെ മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമായ ഹാലി ബേ കോളനിയിലെ ഈ പെന്‍ഗ്വിനുകളുടെ ഭാവി അവസാനിച്ചതായി ഗവേഷകര്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ പെന്‍ഗ്വിനുകള്‍ രക്ഷപെട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അപകടം നടന്ന മേഖലയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിരീക്ഷണം നടത്തിയ ഗവേഷകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നാണ് ഈ മേഖലയില്‍ ജീവന്റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞ് വീണതിന് പിന്നാലെ കോളനിക്ക് പരിസരത്തുണ്ടായിരുന്ന വലിയ മഞ്ഞുപാളി പൊട്ടി അടര്‍ന്നിരുന്നു. ഇതോടെ നീന്തല്‍പോലും അറിയാത്ത പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ മുങ്ങിച്ചാവുമെന്ന വിലയിരുത്തലിലായിരുന്നു ഗവേഷകരുണ്ടായിരുന്നത്. ഈ വിലയിരുത്തല്‍ തെറ്റിയെന്ന് വ്യക്തമാക്കുന്നതെന്നാണ് പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശദമാക്കുന്നത്.
Also Read: ‘ഹെലീൻ’ ആഞ്ഞടിക്കുന്നു; റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ
ഡിസംബര്‍ മാസത്തില്‍ കൊടും തണുപ്പില്‍ സമുദ്രത്തില്‍ നില്‍ക്കാന്‍ മഞ്ഞ് പാളി പോലുമില്ലാതെ ഒറ്റപ്പെട്ട പോയ പെന്‍ഗ്വിനുകളില്‍ ചിലതിനേയാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടുള്ളത്. മഞ്ഞുപാളിക്കും മഞ്ഞുമലയ്ക്കും ഇടയിലെ ചെറിയ വിള്ളലിലൂടെ ഇവ പുറത്തെത്തിയെന്നാണ് ഗവേഷകര്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്. എന്നാല്‍ കോളനിയിലെ എത്ര പെന്‍ഗ്വിനുകള്‍ക്ക് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ആയിട്ടുണ്ടെന്ന് കണ്ടെത്താന്‍ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഗവേഷകര്‍.