കൊച്ചി: സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണമെന്നും ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണമെന്നും നടൻ അശോകൻ. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ നടൻ താൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
അശോകന്റെ വാക്കുകൾ
ഇതൊക്കെ കേട്ടിരിക്കാൻ വലിയ പ്രയാസമുണ്ട്. നിയമപരമായി നടക്കട്ടെ. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണ്. വാർത്തകൾ കേൾക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ഇപ്പോൾ കാരവാൻ വന്നശേഷം സൗകര്യങ്ങളൊക്കെ ഉണ്ട്. മുന്നത്തെക്കാൾ ബെറ്റർ ആണിപ്പോൾ. പണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വസ്ത്രം മാറാനൊക്കെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറി. സ്ത്രീകൾക്കെതിരായ അവഗണനയും പ്രശ്നങ്ങളും മോശം തന്നെയാണ്. എല്ലാവർക്കും സംരക്ഷണം വേണം. അഭിനയ താൽപര്യങ്ങളുമായി കഴിവുള്ള ഒരുപാടുപേർ മുന്നോട്ട് വരുന്നുണ്ട്. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണം. പരിഹാരം വേണം. ശുദ്ധികലശം ആവശ്യമാണ്. സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണം. ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം. തെറ്റുണ്ടെങ്കിൽ തുറന്നുപറഞ്ഞ് പരിഹാരമുണ്ടാക്കണം.
Also Read:അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി
അതേസമയം, നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങൾ സർക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.