കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെതിരെയുള്ള നടപടിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും തമ്മില്‍ ഭിന്നതയില്‍ എന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സംഭവങ്ങളിലെ വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന അഭിഷേക് ബാനര്‍ജി സിബിഐയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി നടത്തിയ പദയാത്രയിലും റാലിയിലും പങ്കെടുത്തിരുന്നില്ല. സന്ദീപ് ഘോഷിനെതിരെ തിടുക്കപ്പെട്ട് കണ്ണില്‍പൊടിയിടാനുള്ള നടപടിയെടുത്തതില്‍ അഭിഷേക് അസംതൃപ്തനായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ അടിസ്ഥാനമാക്കി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു.
ആര്‍ജി കര്‍ ആശുപത്രിയിലെ അഴിമതി ആരോപണങ്ങളില്‍ മമത ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് അഭിഷേക് വിശ്വസിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സന്ദീപ് ഘോഷിനെ പിന്തുണക്കുന്ന ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുമായും കൂടുതല്‍ അടുപ്പമുണ്ട്. അഴിമതി ആരോപണങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും വിചാരണ നേരിടുന്നവരാണിവര്‍. പാര്‍ട്ടിയുടെ പ്രതിച്ഛായ രക്ഷിക്കാന്‍ ശക്തമായ സമീപനം ആവശ്യമാണെന്നാണ് അഭിഷേകിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മമത ബാനര്‍ജിയുടെ നിലപാടില്‍ നിന്ന് ഭിന്നമായി ആശുപത്രിയിലുണ്ടായ അക്രമങ്ങളില്‍ അഭിഷേക് ബാനര്‍ജി ഉടന്‍ തന്നെ പൊലീസ് കമ്മീഷണറെ വിളിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പാളിന്റെ വിഷയത്തില്‍ മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പല കാര്യങ്ങളിലും ഇരുവരും ഇപ്പോള്‍ വ്യത്യസ്ത ചേരിയിലാണ്. അഭിഷേക് ബാനര്‍ജിയുമായി അടുത്ത് നില്‍ക്കുന്ന ശാന്തനു സെന്നിനെതിരെ വിഭാഗീയത ആരോപിച്ച് മമത നടപടികള്‍ സ്വീകരിച്ചിരുന്നു. എന്‍ആര്‍എസ് ആശുപത്രിയുടെ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും ശാന്തനുവിനെ മാറ്റി നിര്‍ത്തിയിരുന്നു. നിലവിലെ ബംഗാള്‍ പ്രതിസന്ധിയില്‍ അഭിഷേക് കാര്യമായി ഇടപെടാത്തതിനെ മമത ചോദ്യം ചെയ്യുകയും റാലിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെ അഭിഷേക് ബാനര്‍ജിയുടെ മാധ്യമ ടീമിനെ മാറ്റി അത് മമത നേരിട്ട് തന്നെ കൈകാര്യം ചെയ്തുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി അഭിഷേക് ബാനര്‍ജി സെപ്റ്റംബര്‍ മധ്യത്തോട് കൂടി ന്യൂയോര്‍ക്കിലേക്ക് പോകുന്നതോടെ ഇപ്പോഴുള്ള ആഭ്യന്തര രാഷ്ട്രീയ കലഹം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം കൊല്‍ക്കത്ത കേസില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു.