ബ്രസീലിൽ എക്‌സിന്റെ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി എക്സ് സിഇഒ ഇലോൺ മസ്‌ക്. താൻ എടുത്ത വളരെ ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് മസ്‌ക് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. എക്‌സിൽ ഇത് സംബന്ധിച്ച് ഒരു കുറിപ്പും മസ്‌ക് പങ്കുവച്ചിട്ടുണ്ട്. “ബ്രസീലിലെ എക്‌സിന്റെ ഓഫീസ് അടയ്‌ക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. അലക്‌സാണ്ടർ ആവശ്യപ്പെട്ട രീതിയിൽ നിയമവിരുദ്ധ സെൻസർഷിപ്പ് നടപ്പാക്കി സ്വകാര്യ വിവരങ്ങൾ കൈമാറാൻ സന്നദ്ധമായാലും തങ്ങളുടെ പ്രവർത്തികൾ വിശദീകരിക്കാൻ ഇതല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും” മസ്‌ക് അവകാശപ്പെടുന്നു.
ബ്രസീലിലെ ഓഫീസ് അടച്ചുപൂട്ടിയാലും ബ്രസീലിലെ ജനങ്ങൾക്ക് സേവനം നൽകുന്നത് തുടരുമെന്നും മസ്‌ക് അറിയിച്ചു. സുപ്രീംകോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് കമ്പനിയെ ഭീഷണിപ്പെടുത്തുകയാണെന്നും അതിനാൽ ബ്രസീലിലെ എക്സിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുകയാണെന്നുമാണ് എക്‌സ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. തങ്ങളുടെ നിയമ പ്രതിനിധിയെ രഹസ്യമായി അലക്സാണ്ടർ ഡി മൊറേസ് ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു. സെൻസർഷിപ്പ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ബ്രസീസിലെ എക്സിന്റെ കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മൊറേസ് ഉത്തരവ് പുറപ്പെടുവിച്ച ഘട്ടത്തിലാണ് എക്‌സിന്റെ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനമെടുക്കുന്നത്.
മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ സർക്കാരിന്റെ കാലത്ത് പുറത്ത് വന്ന ചില വ്യാജ വാർത്തകളും വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും ഉൾപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മൊറേസ് എക്സിനോട് ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട ഈ അക്കൗണ്ടുകൾ സജീവമാക്കുമെന്ന് എക്സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ വർഷമാദ്യം മസ്‌കിനെതിരെ മൊറോസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിൽ ബ്രസീലിലെ സുപ്രീംകോടതിയിൽ നിരവധി അപ്പീലുകൾ നൽകിയിതായി മസ്‌ക് അവകാശപ്പെടുന്നു.