ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു

അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്

ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു
ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് അവര്‍ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.

Also Read: മുകേഷ് എംഎൽഎ സ്ഥാനം രാജിവക്കണം: നടൻ പി പി കുഞ്ഞികൃഷ്ണൻ

‘മൗനിയായിരിക്കുന്നത് ശരിയല്ല. ഇവിടെ എന്താണ് നടക്കുന്നതെന്നതില്‍ അറിവില്ലാത്തവരല്ലല്ലോ ഇവരാരും. ഇവിടെ നടക്കുന്ന ഏറ്റവും ക്രൂരമായ പ്രവര്‍ത്തികളോടാണ് മൗനം പാലിക്കുന്നത്. അതില്‍ ഉടന്‍ പ്രതികരിക്കണം. കേരള സമൂഹം ഈ പ്രശ്‌നങ്ങളെയെല്ലാം വൈകാരികമായിട്ടാണ് കാണുന്നത് മിസ്റ്റര്‍. ഉണ്ണികൃഷ്ണന്‍. ഇതൊന്നും കണ്ടുനില്‍ക്കാന്‍ മനുഷ്യര്‍ ആര്‍ക്കും കഴിയില്ല’, എന്നും ആഷിഖ് അബു പറഞ്ഞു.

താര സംഘടനയായ എഎംഎംഎയിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് ഫെഫ്കയിലും വിഭാഗീയത ഉയര്‍ന്നത്. നേരത്തെ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയില്‍ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ഫെഫ്ക പ്രതികരിച്ചത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് പരാതിപ്പെടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു. അതിജീവിതമാര്‍ക്ക് പരാതി നല്‍കുന്നതിനും നിയമനടപടികള്‍ക്കും സഹായം നല്‍കുമെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഉടന്‍ നടപടി ഇല്ലെന്നും അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ മാത്രമായിരിക്കും നടപടിയെന്നുമാണ് കഴിഞ്ഞ ദിവസം ഫെഫ്ക പ്രതികരിച്ചത്. മാധ്യമങ്ങളില്‍ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവര്‍ത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും മാറ്റി നിര്‍ത്തില്ല. മുന്‍കാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു.

Top