CMDRF

രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു

രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു
രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടെന്നും, ലൈംഗികാരോപണം നിസ്സാരമായി കാണാനാവില്ലെന്നും സംവിധായകന്‍ ബിജു. ആരോപണങ്ങള്‍ നിലവിലുണ്ടെന്നും തല്‍സ്ഥാനത്തു നിന്നും രഞ്ജിത്തിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ബിജു ആവശ്യപ്പെട്ടത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലുണ്ട് .ചലച്ചിത്ര അവാര്‍ഡില്‍ ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ.

സംവിധായകന്‍ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു . അതേപോലെ ഐ എഫ് എഫ് കെ യിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷന്‍ നടത്തുന്നത് എന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി ഒട്ടേറെ സംവിധായകര്‍ പരാതികള്‍ നല്‍കിയിരുന്നു.

ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു . കഴിഞ്ഞ ഫിലിം ഫെസ്റ്റിവല്‍ വേളയില്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള ചില സിനിമാ പ്രവര്‍ത്തകരെ പൊതു മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതും ഇതേ ചെയര്‍മാനാണ് . ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയര്‍മാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ് . ഈ വിഷയങ്ങളില്‍ ഒക്കെ അന്വേഷിക്കും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്‌കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല.

ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയര്‍മാനെതിരെ ഉണ്ടായിരിക്കുന്നു . അല്പമെങ്കിലും ധാര്‍മികത ബാക്കി ഉണ്ടെങ്കില്‍ അക്കാദമി ചെയര്‍മാനെ ഉടന്‍ പുറത്താക്കേണ്ടതാണ് . ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയര്‍ന്നു വന്നത് നിസാരമായി കണക്കാക്കാന്‍ സാധിക്കില്ല . സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം . പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ ശ്രീ രഞ്ജിത്ത് അര്‍ഹനല്ല.
ഇനി ഇത് പറയാനുള്ള എന്റെ റെലവന്‍സ് എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കാന്‍ ഞാന്‍ ഒരു നീണ്ട കുറിപ്പ് മുന്‍പ് എഴുതിയിരുന്നു . അതൊന്നും ഞാന്‍ ആവര്‍ത്തിക്കുന്നില്ല . ഇപ്പോള്‍ ഒരു റെലവന്‍സ് മാത്രം പറയാം .

എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങള്‍ ശമ്പളം ആയി വാങ്ങുന്നത് , നിങ്ങളുടെ കാറിനു നല്‍കുന്നത് , നിങ്ങളുടെ വീട്ടു വാടക നല്‍കുന്നത് . സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരന്‍ എന്ന റെലവന്‍സ് ഉപയോഗിച്ച് പറയുകയാണ് . ഈ ആരോപണത്തിന്റെ വെളിച്ചത്തില്‍ അല്പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാദമി ചെയര്‍മാനെ അടിയന്തിരമായി പുറത്താക്കണം .

ചെയര്‍മാനെതിരായ വിവിധ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ പുലര്‍ത്തിയ നിശബ്ദത , ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോള്‍. അക്കാദമി ചെയര്‍മാന്‍ സ്വയം രാജി വയ്ക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം . എങ്കിലും ഈ നാണംകെട്ട ഫ്യൂഡ ല്‍ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരമാണ് എന്ന് പറയാതെ വയ്യ . ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു.

Top