ചേലക്കര: ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്നും സംവിധായകൻ ലാൽ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അന്റാർട്ടിക്കയിൽ ആയിരുന്നു ഞാൻ. കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇവിടെ നിന്ന് യാത്ര പുറപ്പെടുമ്പോൾ തന്നെ പ്രചാരണങ്ങളൊക്കെ തുടങ്ങിയിരുന്നു. അന്റാർട്ടിക്കയിലേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് രമ്യാ ഹരിദാസിനെ കണ്ടിരുന്നു. കാർ നിർത്തി സംസാരിച്ചിരുന്നു. പ്രദീപിനെ നേരിട്ട് അറിയുന്ന ആളാണ് – ലാൽ ജോസ് പറഞ്ഞു.
Also Read: ഡിസി ബുക്സിന്റേത് ബിസിനസ്സ് തന്ത്രം മാത്രം: എ വിജയരാഘവന്‍
രാഷ്ട്രീയമില്ലാത്ത ഒരു സിനിമയുമില്ല. സമൂഹത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടാകും. എന്റെ എല്ലാ സിനിമകളിലും എന്റെ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധവികാരമുണ്ടോ എന്ന ചോദ്യത്തിന്, ‘അങ്ങനെ പറയാൻ പറ്റില്ല. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ കൂടും. കൂടുതൽ കാലം നിൽക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാകും.
ആര് ഭരിച്ചാലും എല്ലാ കാലത്തും എപ്പോഴും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ? ആർക്കെങ്കിലും കുറച്ചുപേർക്ക് പരാതിയുണ്ടാകും’- ലാൽ ജോസ് പറഞ്ഞു. നിലവിലെ ഭരണത്തിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന്, തനിക്ക് ഉപദ്രവമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.