വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍

വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍
വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍

വയനാട്: ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍. സ്വപ്നങ്ങളില്‍ പോലും സങ്കല്‍പ്പിക്കാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരല്‍മലയിലുണ്ടായതെന്നും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരള്‍ നുറുങ്ങുന്ന വേദന നല്‍കുന്നതാണെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. ജീവന്‍ തിരിച്ചുപിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങള്‍ നമ്മള്‍ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാന്‍ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മള്‍ക്ക് മുന്നിലിതാ ഒരിക്കല്‍ കൂടി ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം ആത്മാവില്‍ നിന്നും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും പദ്മകുമാര്‍ കുറിച്ചു.

ഒരുപാട് ദുരന്തങ്ങള്‍ കണ്ടവരും അനുഭവിച്ചവരുമാണ് നമ്മള്‍ മലയാളികള്‍. പക്ഷെ ഏറ്റവും ഭീതിദമായ സ്വപ്നങ്ങളില്‍ പോലും സങ്കല്‍പ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരല്‍മലയിലുണ്ടായത്. മരണ സംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാര്‍ത്തയും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരള്‍ നുറുങ്ങുന്ന വേദനയോടെയേ കാണാന്‍ കഴിയുള്ളു. നഷ്ടങ്ങള്‍ എല്ലാം നഷ്ടങ്ങള്‍ തന്നെയാണ്, നൂറുകണക്കിന് ജീവിതങ്ങള്‍ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ്, ഒരു ജീവിതകാലം കഠിനാദ്ധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായി തീര്‍ന്ന മനുഷ്യാവസ്ഥയും.

എങ്കിലും സംഭവിച്ച മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഇതിനെയും അതിജീവിക്കാനുള്ള കഠിനശ്രമത്തിലാണ് നമ്മള്‍ ഇപ്പോഴും. ജാതി മത വര്‍ഗ്ഗ ഭാഷാ ഭേദങ്ങളില്ലാതെ ദുരന്തഭൂമിയില്‍ കയ്യും മെയ്യും മറന്നു പൊരുതുന്ന ഓരോരുത്തര്‍ക്കും ഒപ്പം നമ്മള്‍ ഒറ്റക്കെട്ടായി ഒരു മനസായി നില്‍ക്കുന്നു. ജീവന്‍ തിരിച്ചു പിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങള്‍ നമ്മള്‍ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാന്‍ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മള്‍ക്ക് മുന്നിലിതാ ഒരിക്കല്‍ കൂടി ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം ആത്മാവില്‍ നിന്നും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Top