റഡാറില്‍ നിന്ന് അപ്രത്യക്ഷം; മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച സൈനിക വിമാനം കാണാതായി

റഡാറില്‍ നിന്ന് അപ്രത്യക്ഷം; മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച സൈനിക വിമാനം കാണാതായി
റഡാറില്‍ നിന്ന് അപ്രത്യക്ഷം; മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച സൈനിക വിമാനം കാണാതായി

കേപ്ടൗണ്‍: മലാവിയുടെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സംഘവും സഞ്ചരിച്ച സൈനിക വിമാനം പറന്നുയര്‍ന്ന ഉടനെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ചിലിമയും ഒന്‍പത് ഉദ്യോഗസ്ഥരുമാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ പ്രസിഡന്റാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിനായി വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്. രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.

തിങ്കളാഴ്ച രാവിലെ തലസ്ഥാനമായ ലിലോങ്വേയില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം മലാവി ഡിഫന്‍സ് ഫോഴ്സിന്റെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് പ്രസിഡന്‍ഷ്യല്‍ ഓഫീസ് അറിയിച്ചു. വ്യോമയാന ഉദ്യോഗസ്ഥര്‍ക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്താനും രക്ഷാപ്രവര്‍ത്തനം നടത്താനും പ്രസിഡന്റ് ഉത്തരവിട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ചിലിമയുടെ ഭാര്യ മേരിയും വൈസ് പ്രസിഡന്റിന്റെ യുണൈറ്റഡ് ട്രാന്‍സ്ഫോര്‍മേഷന്‍ മൂവ്മെന്റ് (യുടിഎം) പാര്‍ട്ടിയിലെ നിരവധി ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിഫന്‍സ് ഫോഴ്സിന്റെ കമാന്‍ഡര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് മലാവിയന്‍ പ്രസിഡന്റ് ലാസര്‍ ചക്വേര ബഹാമാസിലേക്കുള്ള തന്റെ ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി.

10 വര്‍ഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

യുഎസ്, ബ്രിട്ടന്‍, നോര്‍വേ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തെരച്ചിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

Top