തിരുവനന്തപുരം; സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷേമ പെൻഷന്റെ വിതരണം ഇന്ന് ആരംഭിക്കും. 1,600 രൂപ വീതമാണ് ഗുണഭോക്താക്കൾക്കു ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീട്ടിലും പെൻഷൻ എത്തിക്കും. അതതു മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് മാർച്ച് , ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 5 മാസത്തെ പെൻഷൻ കുടിശികയാണ്. ഇതു വൈകാതെ തുല്യ ഗഡുക്കളായി നൽകുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.