തിരുവനന്തപുരം: പി ജയരാജനെതിരായ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന് ജീര്‍ണത ബാധിച്ചെന്ന് തങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശന്‍ പറഞ്ഞു. പി ജയരാജന് എതിരായ വെളിപ്പെടുത്തലില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
ഇപ്പോള്‍ മനു തോമസിന്റെ ജീവന് ഭീഷണിയുണ്ട്. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലാണ്. ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുത്ത നേതാവാണ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍. ടിപി കേസിലെ പ്രതികള്‍ പരോളില്‍ പോയി സ്വര്‍ണം പൊട്ടിക്കുന്നു. തോന്നിയത് പോലെ ഇവര്‍ക്ക് പരോള്‍ കൊടുക്കുന്നു. കേരളത്തില്‍ മാഫിയ സംഘങ്ങള്‍ തഴച്ചുവളരുകയാണ്. സിപിഎംഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും രാഷ്ട്രീയ തണലില്‍ മാഫിയകള്‍ വളരുകയാണ്. കാഫിര്‍ പ്രചരണം നടത്തിയ ഒറ്റ സിപിഎം നേതാവിനെതിരെയും കേസെടുത്തിട്ടില്ല. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പരസ്പരം പോരടിക്കുകയാണ്. അധികാരം ഇവരെ ദുഷിപ്പിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.