തിരുവനന്തപുരം: മലബാറിലെ പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. വിഷയത്തിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സീറ്റ് പ്രശ്നം പരിഹരിക്കാൻ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്തിട്ടില്ലാത്ത ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുമോ അതോ അധിക ബാച്ച് അനുവദിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കാനാണ് സാധ്യതകളേറെയും.
അതേസമയം, ഇന്ന് ചർച്ച നടക്കുമ്പോഴും സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. നിയമസഭയിലേക്ക് യൂത്ത് ലീഗും എംഎസ്എഫും പ്രതിഷേധ മാർച്ച് നടത്തും. മലപ്പുറം ആർഡിഡി ഓഫീസിലേക്ക് തുടർച്ചയായ ആറാം ദിവസവും എംഎസ്എഫ് പ്രതിഷേധവുമായി എത്തും. മലപ്പുറം കളക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. സീറ്റുക്ഷാമത്തിന് ശാശ്വത പരിഹാരം തേടി കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കാനാണ് കെഎസ്‍യു തീരുമാനം.