ദുബൈ: ബര്‍ ദുബൈയിലെ അല്‍ ജദ്ദാഫ് ഏരിയയില്‍ ഡോക്ക് സൈഡില്‍ കടലില്‍ വീണ് മുങ്ങിയ കാര്‍ തുറമുഖ പൊലീസ് മറൈന്‍ റെസ്‌ക്യൂ ഡിവിഷനിലെ മുങ്ങള്‍ വിദഗ്ദര്‍ കരക്കെത്തിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20നാണ് കാര്‍ ഉല്ലാസബോട്ടില്‍ ഇടിച്ച് വെള്ളത്തില്‍ വീണതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന്‍സിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് തുറമുഖ പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു.
കാറിന്റെ പൊട്ടിയ വിന്‍ഡ്ഷീല്‍ഡിലൂടെ സാഹസികമായാണ് രണ്ടുപേര്‍ രക്ഷപ്പെട്ടത്. കടവില്‍ നിന്ന് കാര്‍ തെന്നി വെള്ളത്തിലേക്ക് മറിയുകയും പാര്‍ക്ക് ചെയ്തിരുന്ന ബോട്ടില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കടലിന്റെ അടിയിലേക്ക് താഴ്ന്നു പോയി. കാറിലുണ്ടായിരുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.