ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്കു കൂടുതല്‍ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പ് ആരംഭിച്ച അഞ്ച് ഡൈവേര്‍ഷന്‍ പദ്ധതികളും തുടര്‍ച്ചയായ മഴയില്‍ സജീവമായി. കുളമാവ് അണക്കെട്ടിനു പുറത്ത് വടക്കേപ്പുഴയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചെക്കു ഡാം കെട്ടി സംഭരിച്ചു നിര്‍ത്തി പമ്പ് ചെയ്ത് അണക്കെട്ടിലേക്കു തിരിച്ചുവിടുന്നതാണ് വടക്കേപ്പുഴ ഡൈവേര്‍ഷന്‍ പദ്ധതി.
വാഗമണ്‍ വഴിക്കടവില്‍ ചെക്ക് ഡാം കെട്ടി വെറുതെ പാഴാകുന്ന വെള്ളം ഇടുക്കി ജലാശയത്തിലേക്കു തിരിച്ചുവിടുന്നതാണ് വഴിക്കടവ് പദ്ധതി. നാരകക്കാനത്ത് ചെക്കു ഡാം കെട്ടി ഇടുക്കി ജലാശയത്തിന്റെ കല്യാണത്തണ്ട് ഭാഗത്തേക്കു ഒഴുക്കുന്നതാണ് നാരകക്കാനം ഡൈവേര്‍ഷന്‍ പദ്ധതി. പീരുമേട്ടിലെ അഴുതയിലും മൂടാറിലും ഇതേ രീതിയില്‍ തന്നെ വെള്ളം സംഭരിച്ച് ഇടുക്കി ജലാശയത്തിലേക്കു ഒഴുക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് കല്ലാറിലും ഇരട്ടയാറിലുമുള്ള പദ്ധതികള്‍ .
ഇതിനുപുറമെ കല്ലാര്‍, ഇരട്ടയാര്‍ ടണലുകളും നിറഞ്ഞു. ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമൊഴുകിതുടങ്ങിയതോടെ വരും ദിവസങ്ങളില്‍ ഡാമിലെ ജലനിരപ്പ് ഉയരുമെന്നാണു പ്രതീക്ഷ. ജില്ലയിലെ ചെറുകിട വൈദ്യുതി നിലയങ്ങളുടെ ജലസംഭരണികളെല്ലാം പൂര്‍ണശേഷിയില്‍ തുടരുന്നതിനാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കരുതല്‍ സംഭരണിയായ ഇടുക്കിയില്‍ നിന്നുള്ള ഉല്‍പ്പാദനം പരമാവധി താഴ്ത്താനുള്ള ഒരുക്കത്തിലാണ് വൈദ്യുതി വകുപ്പ്.കാലവര്‍ഷം സജീവമായതോടെ വടക്കേപ്പുഴ, വഴിക്കടവ് മൂടാര്‍, നാരകക്കാനം ഡൈവേര്‍ഷന്‍ പദ്ധതിയില്‍ നിന്നും ഉദ്ദേശിച്ച ഫലം കിട്ടിയതോടെ ഇടുക്കി ഡാം ജല സമൃദ്ധമായി. ഇതിനു പുറമെ കല്ലാര്‍, ഇരട്ടയാര്‍ ടണലുകളിലൂടെയും ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളം പ്രതിദിനം എത്തിത്തുടങ്ങി.