പി.പി. ദിവ്യയുടെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം

അഴിമതിനിരോധന നിയമത്തില്‍ 2018-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്

പി.പി. ദിവ്യയുടെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം
പി.പി. ദിവ്യയുടെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം

കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തലിൽ ഇ.ഡി അന്വേഷണം നടക്കും. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ ലഭിക്കാന്‍ എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇതിനുപിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് പമ്പ് ലൈസന്‍സിന് അപേക്ഷിച്ച ടി.വി. പ്രശാന്തന്‍ വെളിപ്പെടുത്തി.

പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന്റെ ഇതിനുള്ള സാമ്പത്തികസ്രോതസ്സ് എന്താണെന്നതില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്.

Also Read: നവീന്‍ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും.

അഴിമതിനിരോധന നിയമത്തില്‍ 2018-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാല്‍ ഏഴുദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതിനാല്‍ കൈക്കൂലി നല്‍കിയതിൽ പ്രശാന്തിന്റെപേരിലും കേസെടുക്കാം.

Top