സർവ്വീസ് ചട്ട ലംഘനം ഏത് ഐ.എ.എസ് ഓഫീസർ നടത്തിയാലും അക്കാര്യത്തിൽ ഇരട്ട നീതി പാടില്ല. എന്നാൽ ഇവിടെ ഇപ്പോൾ ചീഫ് സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത് ഇരട്ടതാപ്പ് നയമാണ്. അതെന്തായാലും ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയുകയില്ല. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗ്ഗീയ ചേരിതിരിവിന് ശ്രമിച്ചതിന് മുതിർന്ന ഐ.എ.എസ് ഓഫീസർ ഗോപാലകൃഷ്ണനെ സസ്പെൻ്റ് ചെയ്തത് ശരിയായ നിലപാടാണ്. തൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്തെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ, ഫോണിലെ മുഴുവൻ വിവരങ്ങളും കളഞ്ഞതിന് ശേഷം മാത്രം ആ ഫോൺ പരിശോധനയ്ക്ക് നൽകിയതിൽ തന്നെ അദ്ദേഹത്തിൻ്റെ ‘കള്ളക്കളി’ വ്യക്തമാണ്.
യുവ ഐ.എ.എസ് ഓഫീസറായ എൻ പ്രശാന്ത് ചെയ്തതും പ്രത്യക്ഷത്തിൽ നോക്കിയാൽ തെറ്റാണ് കാരണം, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയതിലക് എത്ര മോശപ്പെട്ട ആളായാലും പരസ്യമായി അദ്ദേഹത്തിനെതിനെതിരെ പ്രതികരിക്കുന്നത് പ്രശാന്തിന് ഒഴിവാക്കാമായിരുന്നു. അതേസമയം, ഇത്തരം ഒരു പരസ്യ പ്രതികരണത്തിന്, അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായാലും അതിന് വഴി ഒരുക്കിയത്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പക്ഷപാതപരമായ നിലപാട് മൂലമാണ്. അതും ഈ ഘട്ടത്തിൽ പറയാതെ വയ്യ.
ദിവ്യ എസ് അയ്യർക്ക് ഒരു നീതി, പ്രശാന്തിന് മറ്റൊരു നീതി എന്നു പറയുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. കാരണം പ്രശാന്ത് ചട്ടലംഘനം നടത്തിയെങ്കിൽ, ഐ.എ എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർ മുൻപ് നടത്തിയ ചട്ടലംഘനത്തിന് എന്തു കൊണ്ട് നടപടി സ്വീകരിച്ചില്ല എന്നതിനും ബന്ധപ്പെട്ടവർ മറുപടി പറയണം. അങ്ങനെ ഒരു നടപടി മുൻപ് ദിവ്യ എസ് അയ്യർക്ക് എതിരെ സ്വീകരിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇത്തരം ഒരു ചട്ടലംഘനം പ്രശാന്തും ചെയ്യുമായിരുന്നില്ല.
മന്ത്രിയായിരിക്കെ കെ രാധാകൃഷ്ണനെ ദിവ്യ ആലിംഗനം ചെയ്യുകയും, ആ ഫോട്ടോ എടുത്ത് പിന്നീട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തത് സിവിൽ സർവ്വീസ് ചട്ടങ്ങൾക്കും പ്രോട്ടോകോളിനും എതിരായിട്ടും, ഒരു വിശദീകരണം പോലും ഇക്കാര്യത്തിൽ ദിവ്യ എസ് അയ്യരോട് ചീഫ് സെക്രട്ടറി തേടിയിട്ടില്ല.
ആലിംഗനം പോലുള്ള പ്രവർത്തികൾ ഇഷ്ടപ്പെടുന്ന എല്ലാവരോടും കാണിക്കാൻ, ഐ.എ.എസ് ഓഫീസർമാർക്ക് ആ പദവിയിലിരുന്ന് സാധിക്കുകയില്ല. ആ പരിമിതി അറിയാമായിരുന്നിട്ടും അത് പാലിക്കാതെ ദിവ്യ പ്രവർത്തിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാന്നെന്നുള്ള അഭിപ്രായം, രാഷ്ട്രീയ നേതാക്കൾക്കിടയിൽ മാത്രമല്ല, ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വരെ ശക്തമായിട്ടും അത് കണ്ടില്ലന്ന മട്ടിലാണ് ചീഫ് സെക്രട്ടറി പെരുമാറിയിരുന്നത്.
ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കാലയളവിൽ തന്നെ പറയുന്നത്, മന്ത്രിമാരുൾപ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നൽകുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തിൽ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നൽകുന്നത് പോലും അപ്പുറത്തുള്ളയാൾ കൈനീട്ടിയാൽ മാത്രമാണെന്നതും, ഐ.എ.എസ് പരിശീലന കാലയളവിൽ പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ചത്തീസ്ഗഡ് കേഡറിലെ കളക്ടറായിരുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കൂളിംഗ് ഗ്ലാസ് വച്ച് വന്നപ്പോൾ നടപടി നേരിട്ടതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ലന്ന ദിവ്യയുടെ പ്രതികരണം ചീഫ് സെക്രട്ടറിക്ക് മുഖവിലക്കെടുക്കാമെങ്കിൽ, “ശരിയെന്നു കരുതുന്ന കാര്യങ്ങളാണ് പറഞ്ഞതെന്ന” പ്രശാന്തിൻ്റെ വാദവും ചീഫ് സെക്രട്ടറി മുഖവിലക്കെടുക്കേണ്ടതുണ്ട്. അതല്ലാതെ, ദിവ്യ എസ് അയ്യർക്ക് ഒരു നീതി, പ്രശാന്തിന് മറ്റൊരു നീതി എന്നത് ശരിയായ നിലപാടല്ല.
“പ്രശാന്ത് നടത്തിയ ചട്ടലംഘനങ്ങള്‍ എല്ലാം, അക്കമിട്ട് നിരത്തിയാണ് സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ പ്രശാന്ത് നടത്തിയ ആരോപണങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ദിവസങ്ങളോളം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും, വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതായും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിനും ചീത്തപ്പേരിന് കാരണമായതായും പ്രശാന്തിൻ്റെ പരാമര്‍ശങ്ങള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യത്തെ ഇല്ലാതാക്കുന്നതാണെന്നുമാണ് കണ്ടെത്തൽ ചീഫ് സെക്രട്ടറിയുടെ ഈ റിപ്പോർട്ട് മുൻ നിർത്തിയാണ് പ്രശാന്തിനെ സർക്കാർ സസ്പെൻ്റ് ചെയ്തിരിക്കുന്നത്.
ഈ കണ്ടെത്തൽ എന്ത് കൊണ്ട് ദിവ്യ എസ് അയ്യരുടെ പ്രവർത്തിയിൽ കണ്ടില്ല എന്നതിന്, ചീഫ് സെക്രട്ടറി മറുപടി പറഞ്ഞേ മതിയാകൂ. കെ രാധാകൃഷ്ണൻ ഒരു പാവം ആയത് കൊണ്ടാണ് പരാതി നൽകാതിരുന്നത്. “ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട പരാമര്‍ശമല്ല പ്രശാന്ത് നടത്തിയതെങ്കിൽ, ഒരു ഐ.എ.എസുകാരിയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട പ്രവർത്തിയല്ല ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നതും ഓർമ്മവേണം.
പ്രശാന്തിൻ്റെ പരാമര്‍ശങ്ങള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യത്തെ ഇല്ലാതാക്കുന്നതാണെങ്കിൽ ‘സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ നാണം കെടുത്തുന്ന പ്രവർത്തിയാണ്, മന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത ശേഷം, ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവമെന്നതും, ചീഫ് സെക്രട്ടറി ഓർക്കണം. ഏത് ഐ.എ.എസ് ഓഫീസറായാലും തെറ്റ് ചെയ്താൽ മുഖം നോക്കാതെയാണ് നടപടി സ്വീകരിക്കേണ്ടത്. ഇക്കാര്യങ്ങൾ അർഹിക്കുന്ന ഗൗരവത്തിൽ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ചീഫ് സെക്രട്ടറിയുടെ കടമയാണ്. അതല്ലെങ്കിൽ ചീഫ് സെക്രട്ടറിയുടെ കസേരയിൽ ആര് തന്നെ ഇരുന്നാലും സ്വയം പരിഹാസ കഥാപാത്രമായാണ് മാറുക.
വീഡിയോ കാണാം