എത്തിയത് കലക്ടർ പറഞ്ഞിട്ട് ; ജാമ്യം തേടി ദിവ്യ തലശേരി കോടതിയിൽ

നവീൻ ബാബുവിന്റെ കുടുംബം എതിർകക്ഷി ചേരും

എത്തിയത് കലക്ടർ പറഞ്ഞിട്ട് ; ജാമ്യം തേടി ദിവ്യ തലശേരി കോടതിയിൽ
എത്തിയത് കലക്ടർ പറഞ്ഞിട്ട് ; ജാമ്യം തേടി ദിവ്യ തലശേരി കോടതിയിൽ

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ പി.പി. ദിവ്യ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കലക്ടർ പറഞ്ഞിട്ടാണ് യാത്രയയപ്പിൽ പ​ങ്കെടുത്തതെന്ന് അന്വേഷണ സംഘത്തിന് മുന്നിലും ദിവ്യ പറഞ്ഞു.

അഴിമതിക്കെതിരെയാണ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത്. നല്ല ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്. തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നും ദിവ്യ പറഞ്ഞു. പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നു. പ്രശാന്തിന്റെ മൊഴി കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.

Also Read: സർക്കാരിന് തിരിച്ചടി; വായ്പാ സംഘങ്ങളിൽ തുടർച്ചയായി മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കിന് ​സ്റ്റേ

അതേസമയം, നവീൻ ബാബുവിന്റെ കുടുംബം എതിർകക്ഷി ചേരും. പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പൊളിറ്റിക്കൽ ബാറ്റിൽ അല്ല ലീഗൽ ബാറ്റിലാണ് തങ്ങൾ നടത്തുന്നതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞിരുന്നു.

തലശ്ശേരി സെഷൻസ് കോടതിയെയാണ് പുതിയ ജാമ്യപേക്ഷയുമായി ദിവ്യ സമീപിച്ചത്. ഇന്ന് ജാമ്യഹർജി സമർപ്പിച്ചാലും നാളെ കോടതി അവധിയായതിനാൽ വ്യാഴാഴ്ച വാദം കേൾക്കാനാണ് സാധ്യത.

Top