ഡൽഹി: ദീപാവലി ദിവസമായ ഇന്ന് വളരെ മോശമായ അവസ്ഥയാണ് ഡൽഹിയിലുള്ളത്. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞാൽ ഇത് കൂടുതൽ മോശമായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്തരീക്ഷ മലിനീകരണം കാരണം നഗരത്തിനുമേൽ പുകമഞ്ഞിന്റെ കട്ടിയുള്ള പാളി കാണപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
നഗരത്തിൽ വായു ‘വളരെ മോശം’ വിഭാഗത്തിലാണ് ഉള്ളത് . ഇന്ന് രാവിലെ ശരാശരി വായു ഗുണനിലവാര സൂചിക 330ലെത്തി. ഇന്നലെ ഇത് 307 ആയിരുന്നു. അതേസമയം ഇത്തവണ മലിനീകരണം കുറയ്ക്കാൻ പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന, ഉപയോഗം എന്നിവക്ക് നേരത്തേ തന്നെ ഡൽഹി സർക്കാർ നിരോധനം പ്രഖ്യാപിച്ചിരുന്നു.
Also Read: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യം; പ്രധാനമന്ത്രി
പടക്ക നിരോധനം നടപ്പാക്കാൻ 377 ടീമുകളെ രൂപീകരിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചിട്ടുണ്ടായിരുന്നു. ബോധവൽക്കരണത്തിനായി വിവിധ സംഘടനകളെ അധികൃതർ ബന്ധപ്പെടുകയും ചെയ്തിരുന്നു. പടക്കം പൊട്ടിക്കുന്നത് തടയാൻ പൊലീസിനെ നിയോഗിച്ചു. പടക്കം പൊട്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ, വാഹനങ്ങളിൽനിന്നുള്ള പുറന്തള്ളൽ, വൈക്കോൽ കത്തിക്കൽ, പടക്കങ്ങൾ, മറ്റ് പ്രാദേശിക മലിനീകരണ സ്രോതസ്സുകൾ എന്നിവയെല്ലാം ചേർന്ന് ശൈത്യകാലത്ത് ഡൽഹിയിൽ അപകടകരമായ വായു നിലവാരമാണ് ഉണ്ടാവുക. പൂജ്യത്തിനും 50 നും ഇടയിലുള്ളത് നല്ലത്, 51-100 തൃപ്‌തികരം, 101-200 മിതമിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക ചിട്ടപ്പെടുത്തിയിരിക്കുന്നത്.