ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ ആണ് കണ്ടെത്തിത് സംഭവത്തില്‍ മാധവാരത്തെ ലൈഫ് വാക്‌സിന്‍ സ്റ്റോറാണ് പൂട്ടിയത്. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 50 മില്ലിലിറ്റര്‍ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. പിടിച്ചെടുത്ത കുപ്പികളിലെ പാല്‍ ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു. ഏത് രീതിയിലാണ് പാല്‍ പാസ്ചറൈസ് ചെയ്തതെന്ന് വ്യക്തമാകാനാണിത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പറഞ്ഞു. ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരില്‍ നിന്നാണ് പാല്‍ ശേഖരിച്ചതെന്ന് റെയ്ഡില്‍ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്‌സീന്‍ സ്റ്റോര്‍ ഉടമ പറഞ്ഞു.
10 ദിവസം മുമ്പ് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മാധവാരത്തെ കെകെആര്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയതെന്ന് തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ ഡോ എം ജഗദീഷ് ചന്ദ്രബോസ് പറഞ്ഞു. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീന്‍ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിലായിരുന്നു അനധികൃത മുലപ്പാല്‍ വില്‍പ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ വിശദീകരിച്ചു. പാല്‍ ബാങ്കുകള്‍ സാധാരണയായി ആരോഗ്യമുള്ള ദാതാക്കളില്‍ നിന്ന് മുലപ്പാല്‍ ശേഖരിച്ച് ശീതീകരിച്ച് സൗജന്യമായി നല്‍കുകയാണ് പതിവ്. സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്നുള്ള മിക്ക പാല്‍ ബാങ്കുകളും സാധാരണയായി സൗജന്യമായി നല്‍കുന്നു. എന്നാല്‍ ഇതില്‍ ലാഭം കണ്ട് വ്യവസായ ലക്ഷ്യത്തോടെ മുലപ്പാല്‍ വില്പന തുടങ്ങിയതാണ് എഫ്എസ്എസ്എഐയെ മുന്നറിയിപ്പ് നല്കാന്‍ പ്രേരിപ്പിച്ചത്.