CMDRF

ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മന്ത്രി; വിമര്‍ശനവുമായി ബി.ജെ.പി

ശ്രീരാമനെ  ദ്രാവിഡ മാതൃകയുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മന്ത്രി; വിമര്‍ശനവുമായി ബി.ജെ.പി
ശ്രീരാമനെ  ദ്രാവിഡ മാതൃകയുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മന്ത്രി; വിമര്‍ശനവുമായി ബി.ജെ.പി

ചെന്നൈ: ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് നിയമമന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.രഘുപതി. രാമന്‍ സാമൂഹിക നീതിയുടെ സംരക്ഷകനാണെന്നും തിങ്കളാഴ്ച കമ്പൻ കഴകം സംഘടിപ്പിച്ച പരിപാടിയിൽ രഘുപതി പറഞ്ഞു. “പെരിയാർ, അണ്ണാദുരൈ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി കലൈഞ്ജർ (എം കരുണാനിധി) എന്നിവർക്ക് മുമ്പ് ദ്രാവിഡ മാതൃക മുന്നോട്ടുവച്ചത് സാമൂഹ്യനീതിയുടെ സംരക്ഷകനായ രാമനായിരുന്നു. മതേതരത്വവും സാമൂഹ്യനീതിയും പ്രബോധിപ്പിച്ച ഒരേയൊരു നായകനാണ് രാമൻ. എല്ലാവരും തുല്യരാണെന്ന് പറഞ്ഞ ഒരേയൊരു നായകനും രാമനായിരുന്നു” രഘുപതി പറഞ്ഞു.

അസമത്വമില്ലാത്ത ഒരു സമൂഹം ഭാവിയിൽ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പ് വരുത്താനാണ് ‘രാമകാവ്യം’ (രാമായണം) സൃഷ്ടിച്ചത്. അവസരം ലഭിച്ചാൽ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെ ഭരിക്കുന്ന ദ്രാവിഡ സർക്കാരുമായി രാമരാജ്യത്തെ താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ”ഡി.എം.കെയുടെ ദ്രാവിഡ മോഡൽ സർക്കാർ രാമരാജ്യം പോലെയല്ല, ഡി.എം.കെ മാതൃക രാവണരാജ്യത്തിന് സമാനമാണ്. സനാതന ധർമ്മം ഇല്ലാതാക്കാൻ പോരാടുകയാണെന്ന് അവകാശപ്പെടുന്ന ഡിഎംകെ പാർട്ടി ഭരണത്തെ രാമരാജ്യവുമായി താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരുന്നു.

” ബി.ജെ.പി പരിഹസിച്ചു.കഴിഞ്ഞ വർഷം തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങളെ പരാമർശിച്ചായിരുന്നു ബി.ജെ.പിയുടെ പ്രസ്താവന. സനാതന ധർമം കേവലം എതിർക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി പറഞ്ഞു. പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സുപ്രിം കോടതിയും ഉദയനിധിയെ വിമര്‍ശിച്ചിരുന്നു.

Top