വാഴപ്പഴം നമ്മളിൽ പലരുടേയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. നമ്മുടെ തന്നെ തൊടികളിലും വിപണികളിലും സർവസാധാരണയായി ലഭിക്കുന്നു എന്നതിനാൽ തന്നെ എല്ലാവർക്കും വേഗത്തിൽ ലഭിക്കുന്ന ഒരു പോഷകാഹാരം കൂടിയാണിത്. വാഴപ്പഴം രുചികരം മാത്രമല്ല, വിറ്റാമിനുകൾ, ഇരുമ്പ്, നാരുകൾ എന്നിങ്ങനെ എല്ലാത്തരം പോഷകങ്ങളും നിറഞ്ഞതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അതുകൊണ്ടാണ് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പഴം പ്രിയപ്പെട്ടവയാകുന്നത്. വാഴപ്പഴം വെറുതെ കഴിക്കാനും അവ കൊണ്ട് മറ്റെന്തെങ്കിലും വിഭവങ്ങൾ ഉണ്ടാക്കാനും ബെസ്റ്റാണ്. മാത്രമല്ല വാഴപ്പഴം വർഷം മുഴുവനും ലഭ്യമാണ്. എങ്കിലും പഴം സംഭരിക്കുമ്പോൾ നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം അവ ഏതാനും ദിവസങ്ങൾക്കുള്ളിൽ കറുക്കാൻ തുടങ്ങും എന്നതാണ്.
ശരിയായ രീതിയിൽ സംഭരിക്കുന്നില്ലെങ്കിൽ അവ വേഗത്തിൽ കേടാകും എന്നത് ഉറപ്പാണ്. എന്നാൽ വാഴപ്പഴം എങ്ങനെ ശരിയായി സംഭരിക്കണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ അവ ഒരാഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് അറിയാമോ? വാഴപ്പഴം കേടുകൂടാതെ എങ്ങനെ സംഭരിക്കണം എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാൻ പോകുന്നത്.
വാഴപ്പഴം കൂടുതൽ നേരം ഫ്രഷ് ആയി നിലനിർത്താൻ തണ്ടുകൾ അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക. വാഴപ്പഴം വേർതിരിച്ച് ഓരോന്നിന്റെയും മുകൾഭാഗം പൊതിയണം. എന്നാൽ വാഴപ്പഴം മുഴുവൻ മൂടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പഴം വേഗത്തിൽ കറുക്കുന്നതിനെ തടയുന്നു. കൗണ്ടർടോപ്പിൽ വാഴപ്പഴം കൂടുതൽ നേരം സൂക്ഷിക്കരുത് എന്നതാണ് അടുത്ത മാർഗം. പകരം അവ തൂക്കിയിടുക.
വാഴപ്പഴത്തിന്റെ മുകളിൽ കെട്ടി നിങ്ങളുടെ അടുക്കളയിൽ എവിടെയെങ്കിലും ഒരു കയറോ ചരടോ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഇവ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. വാഴപ്പഴം മറ്റ് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും അകറ്റി നിർത്തുക. ആപ്പിൾ, തക്കാളി തുടങ്ങിയ പഴങ്ങൾ എഥിലീൻ വാതകം പുറത്തുവിടുന്നു. ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു.
Also Read: മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
അതിനാൽ പഴം പ്രത്യേകം സൂക്ഷിക്കുന്നത് അവ കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും. ഫ്രിഡ്ജിൽ വാഴപ്പഴം സൂക്ഷിക്കുന്നതും നല്ലതല്ല. തണുത്ത അന്തരീക്ഷത്തിൽ വാഴപ്പഴം വേഗത്തിൽ ചീഞ്ഞഴുകിപ്പോകും. ഊഷ്മാവിൽ ഉണങ്ങിയ സ്ഥലത്ത് അവ വെക്കുന്നതാണ് നല്ലത്. വാഴപ്പഴം വാങ്ങുമ്പോൾ അധികം പഴുക്കാത്തതോ പാടുകളില്ലാത്തതോ ആയവ തിരഞ്ഞെടുക്കുക. ഇനി നന്നായി പഴുത്തതാണെങ്കിൽ ആവശ്യത്തിന് മാത്രം വാങ്ങുക എന്നതാണ് ബുദ്ധി.