ജനീവ: ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ. മനുഷ്യാവകാശസമിതി പാസാക്കി. 48 അംഗസമിതിയിൽ 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ആറുരാജ്യങ്ങൾ എതിർത്തു. ഇന്ത്യയടക്കം 13 രാജ്യങ്ങൾ വിട്ടുനിന്നു.
ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിരീക്ഷിക്കാനും ഇസ്രയേൽസൈന്യത്തിന് ലഭിക്കുന്ന ആയുധങ്ങൾ പലസ്തീൻ ജനതയ്ക്കുനേരേ ഉപയോഗിക്കുന്നില്ലെന്നുറപ്പുവരുത്താനും സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യരാശിക്കുമേലുള്ള യുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയായിരിക്കുമെന്നും പ്രമേയം പറയുന്നു.
അടിയന്തരവെടിനിർത്തൽ, കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കൽ, ഗാസയ്കുമേൽ ഇസ്രയേലേർപ്പെടുത്തിയ സമ്പൂർണഉപരോധം പിൻവലിക്കൽ എന്നിവയും പ്രമേയം ആവശ്യപ്പെടുന്നു.