CMDRF

‘ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത്’ ; ഇഡിക്ക് ഹൈക്കോടതിയുടെ നിർദേശം

‘ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത്’ ; ഇഡിക്ക് ഹൈക്കോടതിയുടെ നിർദേശം
‘ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത്’ ; ഇഡിക്ക് ഹൈക്കോടതിയുടെ നിർദേശം

ബോംബെ: ഇഡിക്ക് നിർദേശവുമായി ബോംബെ ഹൈക്കോടതി. സമൻസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവർക്ക് ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത് എന്നാണ് ബോംബെ ഹൈക്കോടതിയുടെ നിർദേശം. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. രാത്രിയിൽ മൊഴി രേഖപ്പെടുത്തരുതെന്നും, പകലോ, പുലർച്ചയോ മാത്രമേ മൊഴികൾ രേഖപെടുത്തത്താവൂ എന്നും ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അറസ്റ്റിനെ ചോദ്യംചെയ്ത 64-കാരനായ റാം ഇസ്രാനിയെന്ന മുതിർന്ന പൗരൻ നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ചോദ്യം ചെയ്യാൻ വിളിക്കുന്നവർ സമ്മതിച്ചാൽ പോലും രാത്രി ഉറക്കം നിഷേധിച്ചുകൊണ്ടുള്ള മൊഴി എടുക്കൽ അപലപനീയമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ഇല്ലാതാക്കുന്നത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സമൻസ് പുറപ്പെടുവിക്കുമ്പോൾ മൊഴി രേഖപ്പെടുത്തേണ്ട സമയം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ ഇ.ഡിയോട് നിർദ്ദേശിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2023 ഓഗസ്റ്റിലാണ് ഇ.ഡി. ഇസ്രാനിയെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്ന് ഇസ്രാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2023 ഓഗസ്റ്റ് 7-ന് നൽകിയ സമൻസ് പ്രകാരം ഏജൻസിക്ക് മുമ്പാകെ ഹാജരായിരുന്നു. പുലർച്ചെ മൂന്നര മണിവരെ ഇ.ഡി ചോദ്യം ചെയ്തു.

പിറ്റേന്ന് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഈ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിക്കണം എന്നായിരുന്നു റാം ഇസ്രാനിയുടെ വാദം. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. അതേ സമയം ഉറക്കം നിഷേധിച്ചുകൊണ്ട് രാത്രി മുഴുവൻ ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ബെഞ്ച് പറഞ്ഞു.
അതേസമയം രാത്രിയിൽ മൊഴി രേഖപ്പെടുത്താൻ ഇസ്രാനി സമ്മതം നൽകിയിരുന്നതായി അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്വമേധയാ ആണെങ്കിലും അല്ലെങ്കിലും പുലർച്ചെ 3.30 വരെ ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ രീതി അപലപനീയമാണെന്ന് കോടതി വ്യക്തമാക്കി.

Top