‘വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുത്’: മുന്നറിയിപ്പുമായി ആയത്തുല്ല അലി ഖമനയി

‘വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുത്’: മുന്നറിയിപ്പുമായി ആയത്തുല്ല അലി ഖമനയി
‘വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുത്’: മുന്നറിയിപ്പുമായി ആയത്തുല്ല അലി ഖമനയി

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ഇതില്‍ വരുന്ന വീഴ്ചകള്‍ ‘ദൈവ കോപത്തിന്റെ’ ഗണത്തില്‍പ്പെടുമെന്നാണു മുന്നറിയിപ്പ്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനും-ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വ്യാപകമാണ്. ഇതിനിടയിലായിരുന്നു പരമോന്നത നേതാവിന്റെ പ്രസ്താവന.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ വധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട് പുറത്തുവന്നതിനിടയിലാണ് ആയത്തുല്ല അലി ഖമനയിയുടെ പ്രസ്താവന. ഹനിയയുടെ വധത്തിനു പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. വധത്തിനു പ്രതികാരം ചെയ്യാന്‍ ഇറാന്‍ ഒരുങ്ങുന്നതായി യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിന് തിരിച്ചടി നല്‍കുന്നതില്‍നിന്നും ഇറാനെ തടയാന്‍ വിദേശരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുമ്പോഴാണു ഖമനയിയുടെ പ്രസ്താവന.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും എതിരാളികളുടെ കഴിവുകള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്താല്‍ സമ്മര്‍ദങ്ങളെ മറികടക്കാന്‍ കഴിയുമെന്നു ഖമനയി പറഞ്ഞു. എതിരാളികളുടെ കഴിവുകളെ വലുതാക്കി കാണിക്കുന്ന പ്രവണതയെയും ഖമനയി വിമര്‍ശിച്ചു. ഇസ്ലാമിക വിപ്ലവ സമയം മുതല്‍ ഇറാനെ തകര്‍ക്കാനുള്ള യുഎസിന്റെയും ബ്രിട്ടന്റെയും ഇസ്രയേലിന്റെയും ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നയിപ്പ് നല്‍കിയിരുന്നു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച നെഷാത്ത് എന്നറിയപ്പെടുന്ന ഗെസ്റ്റ് ഹൗസ്. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെയാണ് തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു

Top