അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്; ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്; ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്; ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തിലാണ് നിര്‍ദേശം. ബിജെപിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്റെ ആരോപണം. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ തരൂരിന് നോട്ടീസയച്ചു. എന്നാല്‍ തെളിവ് ഹാജരാക്കിയില്ല. മറ്റുള്ളവര്‍ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂര്‍ അറിയിച്ചത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയരുതെന്നും ഇനി ആവര്‍ത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ ആര്‍ പത്മകുമാര്‍, എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി വി രാജേഷ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. നേരത്തെ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖര്‍ തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

Top