CMDRF

എയര്‍ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല; ബോയിങ്ങിനെ ‘ട്രോളി’ ജോ ബൈഡന്‍

എയര്‍ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല; ബോയിങ്ങിനെ ‘ട്രോളി’ ജോ ബൈഡന്‍
എയര്‍ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല; ബോയിങ്ങിനെ ‘ട്രോളി’ ജോ ബൈഡന്‍

വാഷിങ്ടണ്‍: സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിനെ ‘ട്രോളി’ പ്രസിഡന്റ് ജോ ബൈഡന്‍. എയര്‍ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല എന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധനസമാഹരണ പരിപാടിക്കിടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡന്റെ പ്രതികരണം.

ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കുമുമ്പ് അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി എയര്‍ ഫോര്‍സ് വണ്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണകള്‍ പൂര്‍ത്തിയാക്കിയോ എന്ന അവതാകന്റെ ചോദ്യത്തോടാണ് ബൈഡന്‍ തമാശരൂപേണ പ്രതികരിച്ചത്. വാതിലിന് സമീപം ഇരിക്കാറില്ല എന്ന് പറഞ്ഞ അദ്ദേഹം താന്‍ തമാശ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും തിരുത്തി.

പറന്നുയര്‍ന്നതിനു പിന്നാലെ ആകാശത്തുവെച്ച് വാതില്‍ തുറന്നു പോയതിനെത്തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്സ് വിമാനം അടിയന്തരമായി തിരിച്ചറക്കിയ സംഭവം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. പോര്‍ട്ട്ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്പര്‍ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു.യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ വാതില്‍ പൂര്‍ണമായി തുറന്നുകിടക്കുന്നതും അടിയന്തര ലാന്‍ഡിങിന് തയ്യാറെടുക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും അപകടമുണ്ടായില്ല. ബോയിങ്ങ് വിമാനങ്ങള്‍ തകരാറുകള്‍ കാരണം യാത്രക്കിടെ അടിയന്തിരമായി തിരിച്ചിറക്കിയ സംഭവങ്ങള്‍ ഈ വര്‍ഷം പലതവണ ഉണ്ടായിട്ടുണ്ട്.

Top