സീസണ്‍ ഏതായാലും ഐസ്‌ക്രീം കഴിക്കുക എന്നത് ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമുളള കാര്യമാണ്. എന്നാല്‍ ചിലര്‍ക്ക് ഐസ്‌ക്രീം കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടാറുണ്ട്. ഒരു ചെറിയ സമയത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത്. തണുത്ത ഭക്ഷണം കഴിക്കുമ്പോഴോ ഐസ്‌ക്രീം അല്ലെങ്കില്‍ ഫ്രോസണ്‍ പാനീയങ്ങള്‍ കുടിക്കുമ്പോഴേ ആണ് ഇത്തരത്തില്‍ തലവേദന അനുഭവപ്പെടുന്നത്. തണുത്ത ഭക്ഷണം കഴിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വേദന ആരംഭിക്കുകയും 30 മുതല്‍ 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത പെട്ടെന്നുള്ള, കഠിനമായ ഈ തലവേദന കുറച്ച് സെക്കന്‍ഡുകള്‍ മുതല്‍ ഒരു മിനിറ്റ് വരെ നീണ്ടുനില്‍ക്കാം.
ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിംഗ് പറയുന്നതനുസരിച്ച്, സാധാരണയായി തലവേദന വരാത്ത 30 മുതല്‍ 40 ശതമാനം ആളുകളിലും ഇത് സംഭവിക്കാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ നിരുപദ്രവകരമാണെന്നും മറ്റ് രോഗങ്ങളുടെ ലക്ഷണമല്ലെന്നുമാണ് കണക്കാക്കപ്പെടുന്നത്. നിങ്ങള്‍ തണുത്ത ഭക്ഷണമോ പാനീയങ്ങളോ കഴിക്കുമ്പോള്‍ നിങ്ങളുടെ വായയിലും തലയുടെ മുന്‍ഭാഗത്തുമുള്ള രക്തക്കുഴലുകള്‍ പെട്ടെന്ന് തണുക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള തലവേദനയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സങ്കോചം വേദനയുടെ സിഗ്നലുകള്‍ക്ക് കാരണമാകുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതേസമയം ഇത്തരത്തില്‍ തലവേദന അനുഭവപ്പെടുന്നത് ഗുരുതരമായ ഒരു രോഗമല്ല. അതിനാല്‍ തന്നെ ഐസ്‌ക്രീം മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ചികിത്സ ആവശ്യമില്ല. ഇത് പെട്ടെന്ന് സ്വയം മാറുന്ന ഒന്നാണ്,അതല്ലെങ്കില്‍ ചൂടുള്ള പാനീയം കുടിച്ചോ വേദന മാറ്റാവുന്നതാണ്.