CMDRF

സിദ്ധിഖിൻ്റെ രക്ഷകനായ റോത്തഗി ആരെന്നറിയുമോ? സുപ്രധാന കേസുകളിൽ ‘എതിരികളെ’ചുട്ടുപൊള്ളിച്ച നാവ്

രാജ്യത്തെ പ്രമാദമായ പല കേസുകളും വാദിച്ച ചരിത്രമാണ് മുകുള്‍ റോത്തഗിക്കുള്ളത്

സിദ്ധിഖിൻ്റെ രക്ഷകനായ റോത്തഗി ആരെന്നറിയുമോ? സുപ്രധാന കേസുകളിൽ ‘എതിരികളെ’ചുട്ടുപൊള്ളിച്ച നാവ്
സിദ്ധിഖിൻ്റെ രക്ഷകനായ റോത്തഗി ആരെന്നറിയുമോ? സുപ്രധാന കേസുകളിൽ ‘എതിരികളെ’ചുട്ടുപൊള്ളിച്ച നാവ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പൊലീസ് ചുമത്തിയ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ധിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവ് ഡബ്ല്യൂസിസിക്കും അപ്രതീക്ഷിതമായ തിരിച്ചടിയായി. മറ്റാര്‍ക്ക് ജാമ്യം ലഭിച്ചാലും സിദ്ധിഖിന് ജാമ്യം ലഭിക്കരുത് എന്നത് ഈ സംഘടനയിലെ തലപ്പത്തുള്ളവരുടെ വലിയ ആഗ്രഹമായിരുന്നു. അതിന് പ്രധാന കാരണം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനൊപ്പം പ്രതിസന്ധിയിലും ഉറച്ചു നിന്നു എന്ന ഒറ്റ കാരണമാണ്. മറ്റ് പല നടന്മാരും സംവിധായകരും സ്ത്രീ പീഢന കേസില്‍ പ്രതികാളാക്കപ്പെട്ടെങ്കിലും, അവര്‍ക്കാര്‍ക്കും നേരിടേണ്ടി വരാത്ത വെല്ലുവിളിയാണ് സിദ്ധിഖിന് നേരിടേണ്ടി വന്നിരുന്നത്. ദിലീപ് കേസില്‍ ഏകപക്ഷീയമായ വിലയിരുത്തലുകള്‍ നടത്തിയ മുഖങ്ങള്‍ മാധ്യമങ്ങളിലൂടെ സംഘടിതമായാണ് സിദ്ധിഖിന് എതിരെ രംഗത്ത് വന്നിരുന്നത്.

ഇവരുടെയെല്ലാം സ്വപ്നമാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകന്‍ മുകള്‍ റോത്തഗിയുടെ വാദത്തില്‍തട്ടി ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. സിദ്ധിഖിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുകള്‍ റോത്തഗി മുന്നോട്ട് വെച്ച എല്ലാ വാദങ്ങളും പരിഗണിച്ചാണ് കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ് ജാമ്യം നല്‍കിയിരിക്കുന്നത്‌. രണ്ടാഴ്ച വരെ മാത്രമേ അറസ്റ്റ് തടഞ്ഞിട്ടൊള്ളൂ എന്ന മാധ്യമ വാർത്ത കോടതി ഉത്തരവ് വായിച്ച് നോക്കാത്തതു കൊണ്ടാണെന്നാണ് സിദ്ധിഖിൻ്റെ അഭിഭാഷക ടീമിൽ പെട്ടവർ തുറന്നടിച്ചിരിക്കുന്നത്.

Siddique

അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം അന്വേഷണ സംഘത്തിനു മുന്നില്‍ സിദ്ദിഖ് ഹാജരാകും. തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെയാകും ഹാജരാവുകയെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിചാരണക്കോടതിവെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന മുകള്‍ റോത്തഗിയുടെ വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിക്കുകയുണ്ടായി.

കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ ശാസിച്ച കോടതി കേസുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല. സിദ്ദിഖിനോട് അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും വാദി ഭാഗത്തിന് തിരിച്ചടിയായി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. 62-ാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാനത്തിനായി ഹാജരായിരുന്നത്.

Supreme Court

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇതേ മുകള്‍ റോത്തഗി തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത്. കോളിളക്കം സൃഷ്ടിച്ച ലഖിംപൂര്‍ ഖേരി കേസിലെ പ്രതിക്ക് വേണ്ടിയും മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന് വേണ്ടിയും റോത്തഗി തന്നെയാണ് ഹാജരായിരുന്നത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അഭിഭാഷക സ്ഥാനമാണ് അറ്റോര്‍ണി ജനറലിന്റേത്. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ പതിനാലാമത് അറ്റോര്‍ണി ജനറലായി റോത്തഗി ചുമതലയേറ്റെടുത്തിരുന്നു. പിന്നീട് റോത്തഗി 2017 ജൂണില്‍ രാജിവെച്ച് സ്വകാര്യ പരിശീലനത്തിലേക്ക് മടങ്ങി. പകരം കെ കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി നിയമിതനാവുകയും ചെയ്തു. വേണു ഗോപാല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചെങ്കിലും റോത്തഗി സ്‌നേഹപൂര്‍വ്വം ആ ക്ഷണം നിരസിക്കുകയാണുണ്ടായത്.

Mukul Rohatgi

പൗരത്വ നിയമഭേദഗതിക്കും കശ്മീര്‍ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹര്‍ജികള്‍ അന്ന് കോടതിയില്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നേരിട്ട് മുകുള്‍ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീം കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും റോത്തഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമാദമായ പല കേസുകളും വാദിച്ച ചരിത്രമാണ് മുകുള്‍ റോത്തഗിക്കുള്ളത്. ഗുജറാത്ത് കലാപക്കേസ് മുതല്‍ ആര്യന്‍ ഖാന്റെ കേസ് വരെ അതിലുള്‍പ്പെടുന്നു.

മുകള്‍ റോത്തഗി വാദിച്ച പ്രധാന കേസുകള്‍ ചുവടെ:-

ഗുജറാത്ത് കലാപക്കേസ്

2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്‌ഐടി നടപടി ചോദ്യം ചെയ്തുള്ള കേസില്‍ എസ്‌ഐടിക്ക് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. കലാപത്തിനിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമണത്തില്‍ മരിച്ച മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് എസ്‌ഐടി നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നത്.

ഫെയ്‌സ്ബുക്ക്-വാട്‌സ്ആപ്പ് സ്വകാര്യതാ കേസ്

വാട്‌സ്ആപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പുതുക്കിയ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ചൈതന്യ രോഹില്ലയായിരുന്നു ഹര്‍ജി നല്‍കിയത്. കേസില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ന്മാരായ വാട്‌സ്ആപ്പിന് വേണ്ടി ഹാജരായവരില്‍ പ്രമുഖന്‍ മുകുള്‍ റോത്തഗി ആയിരുന്നു.

മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് കേസ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായി ബന്ധപ്പെട്ട കേസില്‍ പരംബീറിനായി ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. പോലീസ് കമ്മിഷണറായിരിക്കെ ബാര്‍ ഉടമകളില്‍നിന്ന് 100 കോടിരൂപ പിരിച്ചെടുത്ത് നല്‍കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പരംബീറിന്റെ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് തള്ളി. തുടര്‍ന്ന് അനില്‍ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരംബീറിന്റെ ഹര്‍ജി.

ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നിയമനകേസ്

ഡല്‍ഹി പോലീസ് കമ്മീഷണറായി മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും രാകേഷ് അസ്താനയ്ക്ക് വേണ്ടി മുകുള്‍ റോത്തഗി ഹാജരായി. രാകേഷ് അസ്താനയുടെ നിയമനം ശരിവെക്കുന്നതായിരുന്നു കോടതി വിധി.

വോഡാഫോണ്‍ – ഐഡിയ വരുമാന കുടിശ്ശിക കേസ്

ടെലികോം ഭീമനായ വോഡഫോണ്‍ – ഐഡിയയ്ക്ക് വേണ്ടി മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായത് കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാന കുടിശ്ശികയായ 58,254 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ്. കേസില്‍ എയര്‍ടെല്ലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ടാറ്റയ്ക്ക് വേണ്ടി അരവിന്ദ് ദാതാറും ഹാജരായി.

മാട്രിക്‌സ് സെല്ലുലാര്‍ – ഓക്‌സിജന്‍ പൂഴ്ത്തിവെപ്പ് കേസ്

കോവിഡ് -19 ന്റെ രണ്ടാം തരംഗ സമയത്ത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയായിരുന്നു മാട്രിക്‌സ് സെല്ലുലാര്‍ കമ്പനി. പൂഴ്ത്തിവെച്ച കോണ്‍സെന്‍ട്രേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ വിട്ടുനല്‍കേണ്ടതില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത് റോത്തഗിയായിരുന്നു. ഡല്‍ഹി പോലീസിന് യന്ത്രങ്ങള്‍ ‘കേസ് പ്രോപ്പര്‍ട്ടി’ ആയി കണ്ടുകെട്ടാനാകില്ലെന്നും അവ വിട്ടുനല്‍കാന്‍ വിസമ്മതിക്കുമെന്നും മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചിരുന്നു.

റിയ ചക്രബര്‍ത്തി-ബിഹാര്‍ സര്‍ക്കാര്‍ കേസ്

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയാണ്. കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുന്നതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു റിയ ചക്രബര്‍ത്തിയുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് കേള്‍ക്കാതെ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കവീറ്റ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

താണ്ഡവ് വിവാദം

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകനും നിര്‍മാതാവിനും വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയാണ്. ചിത്രം ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

ആര്യന്‍ ഖാന്‍ കേസ്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് വേണ്ടി ഹാജരായത് മുകുള്‍ റോത്തഗി ഉള്‍പ്പെട്ട അഭിഭാഷക സംഘമായിരുന്നു. സതീഷ് മനേഷിണ്ഡെ, അമിത് ദേശായി എന്നിവരായിരുന്നു അഭിഭാഷക സംഘത്തിലെ മറ്റ് പ്രമുഖര്‍. 23 വയസ്സുകാരനായ ആര്യന്‍ മയക്കുമരുന്ന് ഉപഭോക്താവ് മാത്രമല്ല, അനധികൃത മയക്കുമരുന്ന് കടത്തലിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എതിര്‍ത്ത ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലായിരുന്നു മുകുള്‍ റോത്തഗിയുടെ വാദം. ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായി 25 ദിവസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം നേടിക്കൊടുത്തത് റോത്തഗിയായിരുന്നു.

ദിലീപ് കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ദരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ ദിലീപിന് കാണാനും പരിശോധിക്കാനും അവസരം ലഭിച്ചത് മുകള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായി നടത്തിയ വാദത്തെ തുടര്‍ന്നാണ്.

വീഡിയോ കാണാം

Top