ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന ഹൃദ്രോഗം പോലെയുള്ള മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ തുടങ്ങുകയും പിന്നീട് ഗുരുതരമായിത്തീരുകയുമാണ് ചെയ്യുന്നത്. നമ്മുടെ ഹൃദയ ധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ എന്നാൽ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും യഥാർത്ഥത്തിൽ ഈ രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
നമ്മൾ നടത്തുന്ന പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ഇതിന്റെ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. സാധാരണയായി വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി നാം പലപ്പോഴും തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവയാണ് സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി നമ്മൾ കരുതുന്നത്.
Also Read: വണ്ണം കുറക്കാൻ തീരുമാനിച്ചോ? വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
അറിയാം, നെഞ്ചോട് ചേർക്കാം ‘ഹൃദയത്തെ’..
ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ നമ്മൾ നേരത്തെ തന്നെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, സ്ഥിരജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ, അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
Also Read: അമിതവണ്ണം കുറച്ച് വൈറലായി, ഒടുവിൽ, ഹൃദയാഘാതത്താൽ ദാരുണാന്ത്യം
ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും, പിന്നീട് വിശ്രമിക്കുമ്പോൾ ആ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും ഒരു വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ ഉണ്ടാകുന്ന സ്ഥിരമായ വേദനകളെയും അവഗണിക്കരുത്.