ലഖ്നൗ: യു.പിയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ഡോക്ടർ. മൊറാദാബാദ് ജില്ലയിലെ ഒരു ആശുപത്രിയിൽ ആഗസ്റ്റ് 17ന് രാത്രിയാണ് സംഭവം. 20കാരിയായ നഴ്സാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഡോക്ടർ, പുരുഷ നഴ്സ്, വാർഡ് ബോയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരവെയാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്.
സംഭവം നടക്കുമ്പോൾ സൈറ്റ് ഷിഫ്റ്റിലായിരുന്ന നഴ്സിനോട് മറ്റൊരു നഴ്സായ മെഹ്നാസ്, ഡോ. ഷാനവാസിനെ മുറിയിൽ പോയി കാണാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോൾ മെഹ്നാസും വാർഡ് ബോയ് ജുനൈദും ചേർന്ന് നഴ്സിനെ ആശുപത്രിയുടെ മുകൾനിലയിലെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി പൂട്ടിയിട്ടെന്ന് പരാതിയിൽ പറയുന്നു.
പിന്നീട്, ഡോ. ഷാനവാസ് മുറിയിൽ കയറി തന്നെ ബലാത്സംഗം ചെയ്തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ, നഴ്സിന്റെ പിതാവിന്റെ പരാതിയിൽ ബി.എൻ.എസ്, പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത മൊറാദാബാദ് പൊലീസ് മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് താക്കൂർദ്വാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മൂന്ന് വ്യക്തികൾക്കെതിരെ കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഒരു ടീമും രൂപീകരിച്ചിട്ടുണ്ട്.