ഗ്രാമീണരെ സിനിമ കാണിക്കാന്‍ തമിഴ്‌നാട് ഗ്രാമത്തില്‍ ബലൂണ്‍ തിയേറ്ററുമായി ഡോക്ടര്‍

ഗ്രാമീണരെ സിനിമ കാണിക്കാന്‍ തമിഴ്‌നാട് ഗ്രാമത്തില്‍ ബലൂണ്‍ തിയേറ്ററുമായി ഡോക്ടര്‍
ഗ്രാമീണരെ സിനിമ കാണിക്കാന്‍ തമിഴ്‌നാട് ഗ്രാമത്തില്‍ ബലൂണ്‍ തിയേറ്ററുമായി ഡോക്ടര്‍

ധര്‍മപുരി: ഗ്രാമീണരെ ചെലവുചുരുക്കി സിനിമ കാണിക്കാനുള്ള ഡോക്ടറുടെ ശ്രമം എത്തി നില്‍ക്കുന്നത് ബലൂണ്‍ തീയറ്ററില്‍. തമിഴ്നാട്ടിലെ ബൊമ്മിടിയിലെ സിനിമാ പ്രേമിയും ഡോക്ടറുമായ 58 കാരനായ ഡോ. രമേശാണ് ഈ ശ്രമത്തില്‍ എത്തിനില്‍ക്കുന്നത്. 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക ശബ്ദ-ദൃശ്യ സൗകര്യങ്ങളോടെയാണ് തിയേറ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഒരു ബലൂണ്‍ തിയേറ്റര്‍ എന്നത് ഭീമന്‍ ബലൂണില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ തിയേറ്റര്‍ ആണ്. പ്രൊജക്ഷന്‍ റൂമും കാന്റീനും മറ്റ് പല സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ പ്രത്യേക അലങ്കാര ചെടികളുള്ള പൂന്തോട്ടത്തിന് ആവശ്യമായ ചെടികള്‍ കോഴിക്കോട് നിന്നാണ് കൊണ്ടുവന്നത്. മുഴുവന്‍ സ്ഥലവും സ്ഥാപിക്കാന്‍ ഏകദേശം നാല് കോടി രൂപയാണ് ചെലവായത്.

‘എനിക്ക് സിനിമ കാണാന്‍ ഇഷ്ടമാണ്. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എനിക്ക് ഇഷ്ടമുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനാണ് ഞാന്‍ ബലൂണ്‍ തിയേറ്റര്‍ നിര്‍മിച്ചത്. ബൊമ്മിടിയില്‍ താമസിക്കുന്നവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ 30 കിലോമീറ്റര്‍ സേലത്തോ ധര്‍മപുരിയിലേക്കോ പോകണം. അവരെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്ററിലേക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. ടിക്കറ്റിനും ലഘുഭക്ഷണത്തിനുമായി ഒരു കുടുംബത്തിന് ഏകദേശം 3,000 രൂപയെങ്കിലും ചെലവാകും. അതിനാല്‍ വിലകുറഞ്ഞതും എന്നാല്‍ തൃപ്തികരവുമായ ഒരു സിനിമാനുഭവം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്’. രമേശ് പറഞ്ഞു.

ഒരു യാത്രയിലൂടെ ബലൂണ്‍ തിയേറ്ററെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ആശയം ഇവിടെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് തിയേറ്റര്‍. അതിനാല്‍ എളുപ്പത്തില്‍ പൊളിക്കാനും ആവശ്യമുള്ളപ്പോള്‍ നീക്കാനും കഴിയും. ബലൂണ്‍ പ്രത്യേക പരുത്തിയുടെയും മറ്റ് ഡസന്‍ കണക്കിന് തീയെ പ്രതിരോധിക്കുന്ന വസ്തുക്കളുടെയും പോളിത്തീന്‍ മിശ്രിതമാണ്. അഗ്നിശമനസേനയോടും ജില്ലാ ഭരണകൂടത്തോടും ആവശ്യമായ പരിശോധനകള്‍ നടത്താന്‍ രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top