കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിഷേധിച്ച ഡോക്ടേഴ്‌സ് സമരം അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 21 മുതല്‍ അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊല്ലപ്പെട്ട യുവ ഡോക്ടറിന് നീതി തേടി സമരം ചെയ്യുന്ന ഡോക്ടര്‍മാരാണ് സമരം അവസാനിപ്പിച്ചത്.
നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സിബിഐ ഓഫീസിലെക്ക് മാര്‍ച്ച് നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം മുന്‍നിര്‍ത്തിക്കൊണ്ട് സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടേഴ്സിന് സുരക്ഷ ഉറുപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്നും ഉള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വാക്കാല്‍ മാത്രമാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. താത്കാലികമായി ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കില്‍ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി മമത ബാനര്‍ജിയും ജൂനിയര്‍ ഡോക്ടേഴ്‌സും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബംഗാളില്‍ ഉയര്‍ന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടര്‍.