CMDRF

ബംഗാളില്‍ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

ദുർഗാപൂജയുടെ തുടക്കം കുറിക്കുന്ന ഗാന്ധി ജയന്തി, മഹാലയ എന്നിവയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് നഗരത്തിൽ ഒരു വലിയ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാളില്‍ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
ബംഗാളില്‍ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. ആഗസ്റ്റ് ഒമ്പതിന് പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിനു ശേഷം തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ സമരം നടത്തിയിരുന്നു. സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വീണ്ടും സമരത്തിനിറങ്ങുന്നത്.

ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച്, അനിശ്ചിതകാല സമരം ആരംഭിച്ചത്. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ 42 ദിവസത്തെ സമരം അവസാനിപ്പിച്ച് സെപ്റ്റംബര്‍ 21 നാണ് വീണ്ടും ജോലിക്ക് കയറിയത്. മുഖ്യമന്ത്രി മമത ബാനർജി സമരക്കാരുമായി പലവട്ടം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡോക്ടർമാർ സമരത്തിൽനിന്ന് ഭാഗികമായി പിൻമാറിയത്.

Also Read: പശുക്കള്‍ക്ക് ‘രാജ്യമാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

എന്നാല്‍ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാകാത്ത സ്ഥിതിയാണെന്ന് വെസ്റ്റ് ബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒരു ശ്രമവുമില്ല. ഇതോടെ ഞങ്ങള്‍ വീണ്ടും പ്രക്ഷോഭ രംഗത്തേക്കിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയായ അനികേത് മഹാതോ പറഞ്ഞു.

Also Read: പള്ളിപൊളിക്കൽ: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും പൊളിച്ചു നീക്കി

ദുർഗാപൂജയുടെ തുടക്കം കുറിക്കുന്ന ഗാന്ധി ജയന്തി, മഹാലയ എന്നിവയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് നഗരത്തിൽ ഒരു വലിയ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് പോകുമെന്നും ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

Top