ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധന റിപ്പോർട്ടുകൾ പുറത്ത്

താൻ എത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം

ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധന റിപ്പോർട്ടുകൾ പുറത്ത്
ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധന റിപ്പോർട്ടുകൾ പുറത്ത്

കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ പി ജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന റിപ്പോർട്ട് പുറത്ത് വന്നു. ഡോക്ടർ വിശ്രമിക്കുകയായിരുന്ന സെമിനാർ ഹാളിലേക്ക് പ്രവേശിച്ചുവെന്നും എന്നാൽ താൻ എത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. പിന്നാലെ താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.

ചോദ്യം ചെയ്യലിനെത്തിച്ചത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. കൊലപാതകക്കേസിൽ‌ താൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ചതിന് പിന്നാലെയാണ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കുന്നത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തെങ്കിലും കൃത്യം നടക്കുന്ന സമയത്തും താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പ്രതി ഉന്നയിച്ചത്.

murder of a medic from Kolkat

കൊൽക്കത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പിന്നീടാണ് താൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നും മൊഴി മാറ്റിയത്. ജയിൽ ​ഗാർഡുകളോടും സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു റോയിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ റോയ് കൊലപാതക ദിവസം സെമിനാർ മുറിയിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോ​ഗസ്ഥർ പുറത്തുവിട്ടിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബ്ലൂടൂത്ത് ഇയർഫോണും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് റോയിയെ അന്വേഷണ സംഘം പിടികൂടിയത്.

Also Read: അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി

സിസിടിവി ദൃശ്യങ്ങൾ പ്രകാരം 1.03നാണ് പ്രതി ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത്. ചെസ്റ്റ് വാർഡിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതി കൊല്ലപ്പെട്ട ഡോക്ടറെയും മറ്റ് നാലുപേരെയും ശകാരിക്കുന്നത് കാണാം. ഒരു മണിക്കാണ് യുവ ഡോക്ടർ വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തുന്നത്. 2.30ന് യുവതിയുമായി സഹപ്രവർത്തക സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് യുവ ഡോക്ടറെ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധന​ഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു.

Also Read: സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല : അശോകൻ

കൊലപാതകത്തിൽ ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാൾ അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോ​ഗസ്ഥരോട് വിവരിച്ചതായും അധികൃതർ പറഞ്ഞു.‌ നിരവധി അശ്ലീലവീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയി‌ട്ടുണ്ട്. ഓ​ഗസ്റ്റ് 18നായിരുന്നു പ്രതിയെ സൈക്കോ അനലിറ്റിക്കൽ ടെസ്റ്റിന് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിനെ സമീപിക്കുന്നത്. കൂട്ടബലാത്സം​ഗത്തിൻ്റെ സാധ്യതകൾ ചർച്ചയായിരുന്നുവെങ്കിലും കൂട്ട ബലാത്സം​ഗത്തിനിരയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തിൽ സൂചന ലഭിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നേരത്തെ റോയിക്കെതിരെ രൂക്ഷ വിമർശനവുമായി ഭാര്യാമാതാവ് രം​ഗത്തെത്തിയിരുന്നു. മകളെ പ്രതി മർദ്ദിക്കുമായിരുന്നുവെന്നായിരുന്നു ഭാര്യ മാതാവിന്റെ പ്രതികരണം. അവനെ തൂക്കിലേറ്റുകയോ നിങ്ങൾക്ക് വേണ്ടത് എന്തോ അത് ചെയ്യാം. കുറ്റകൃത്യത്തെ കുറിച്ച് പ്രതികരിക്കില്ല. അവന് അത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഭാര്യയുടെ അമ്മ പറഞ്ഞു.

Top