കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ രാഖി കെട്ടി പ്രതിഷേധിച്ച് സമരക്കാര്‍. രക്ഷാബന്ധന്‍ ദിനത്തിലാണ് സമരവേദിയില്‍ നീതി ഉറപ്പാക്കണമെന്നെഴുതിയ കറുത്ത രാഖികള്‍ കെട്ടി സമരക്കാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കറുത്ത രാഖികള്‍ കെട്ടി രക്ഷാബന്ധന്‍ ആചരിക്കും. സര്‍ക്കാര്‍ ഉദ്യോദഗസ്ഥര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് രാഖികെട്ടും.
അതേസമയം ആശുപത്രി മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് ചോദ്യം ചെയ്യലിന് വേണ്ടി സിബിഐക്ക് മുന്നില്‍ ഹാജരായി. നാലാമത്തെ തവണയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറിലേറെ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവത്തിന് മുമ്പും ശേഷവും നടത്തിയ ഫോണ്‍വിളികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സന്ദീപ് ഘോഷിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഘോഷിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ കണ്ടെത്താന്‍ മൊബൈല്‍ സേവന ദാതാക്കളെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടര്‍സ് അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.