കൊല്‍ക്കത്ത: ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തില്‍ താനും പങ്കുചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകള്‍ക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ പിജി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് രാത്രി നടക്കുന്ന പ്രതിഷേധത്തില്‍ താനും പങ്കുചേരുമെന്നാണ് തൃണമൂല്‍ രാജ്യസഭ എംപി വ്യക്തമാക്കിയത്.
‘ഞാന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരും. ദശലക്ഷക്കണക്കിന് ബംഗാളി കുടുംബങ്ങളിലെപ്പോലെ എനിക്കും ഒരു മകളും കൊച്ചുമകളും ഉണ്ട്. നമ്മള്‍ അവസരത്തിനൊത്ത് ഉയരണം. സ്ത്രീകള്‍ക്കെതിരായ ക്രൂരത മതി. നമുക്ക് ഒരുമിച്ച് ചെറുക്കാം- എന്നാണ് തൃണമൂല്‍ എംപി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. സ്വന്തം സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന കമന്റിനും എംപി മറുപടി നല്‍കി. തന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും സ്വാതന്ത്ര്യ സമര സേനാനിയുടെ രക്തമാണ് തന്റെ സിരകളില്‍ ഒഴുകുന്നതെന്നും എംപി മറുപടി നല്‍കി. 75 കാരനായ സുഖേന്ദു ശേഖര്‍ റേ 2011 മുതല്‍ എംപിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. പോലീസ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരുടെ പട്ടിക തയ്യാറാക്കി.
അതേസമയം സെമിനാര്‍ ഹാളില്‍ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടര്‍ന്ന് സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സെമിനാര്‍ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.