കൊൽക്കത്ത: യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനെ തുടർന്ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ. ഒക്ടോബർ 14 മുതൽ, 48 മണിക്കൂർ ഭാഗിക പണിമുടക്കിന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു.
അത്യാഹിത വിഭാഗം തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. വിഷയത്തിൽ ജൂനിയർ ഡോക്ടർമാരുടെ സംഘടന മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 14ന് രാവിലെ 6 മുതൽ പണിമുടക്ക് ആരംഭിക്കും. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പു നൽകി.