ഇപി ജയരാജന് നേരെ വെടിയുതിര്‍ത്ത സംഭവം: തോക്ക് നല്‍കിയത് കെ സുധാകരന്‍; നിര്‍ണായക മൊഴികള്‍ പുറത്ത്

ഇപി ജയരാജന് നേരെ വെടിയുതിര്‍ത്ത സംഭവം: തോക്ക് നല്‍കിയത് കെ സുധാകരന്‍; നിര്‍ണായക മൊഴികള്‍ പുറത്ത്
ഇപി ജയരാജന് നേരെ വെടിയുതിര്‍ത്ത സംഭവം: തോക്ക് നല്‍കിയത് കെ സുധാകരന്‍; നിര്‍ണായക മൊഴികള്‍ പുറത്ത്

ന്ധ്ര പ്രദേശില്‍ ട്രെയിനില്‍ വച്ച് 1995 ല്‍ ഇപി ജയരാജന് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കെ സുധാകരന് പങ്കുള്ളത് സംബന്ധിച്ച രേഖകള്‍ പുറത്ത്. വെടിയുതിര്‍ത്ത വിക്രംചാലില്‍ ശശിയുടെ മൊഴിയിലാണ് കെ.സുധാകരന്റെ പങ്ക് വ്യക്തമാക്കുന്നത്. ആന്ധ്ര പോലീസ് 1995 ല്‍ രേഖപ്പെടുത്തിയ മൊഴി സംബന്ധിച്ച രേഖകള്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്ന ഓണ്‍ലൈന്‍ മീഡിയയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇപി ജയരാജന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന സംബന്ധിച്ച് കേരള പോലീസെടുത്ത കേസ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. വെടിവയ്പ്പുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഒരേ സംഭവത്തില്‍ രണ്ട് കേസ് നിലനില്‍ക്കില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

1995 ഏപ്രില്‍ 12 നുണ്ടായ സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ 1997 ലാണ് തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 99 ല്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആന്ധ്ര പോലീസ് കണ്ടെത്തിയ തെളിവുകളുടെയും രേഖകളുടെയും സര്‍ട്ടിഫൈഡ് കോപ്പി അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതോടൊപ്പം പ്രതികളുടെ കുറ്റസമ്മത മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തലശേരിയിലെ സ്വകാര്യ ബസ് ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്നു വിക്രംചാലില്‍ ശശി. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സിപിഎമ്മുകാര്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതിന്റെ പകയില്‍, ഇതേ മനോഭാവമുള്ള ദിനേശനെയും കൂട്ടി 1994 ല്‍ എംവി രാഘവനെയും കെ സുധാകരനെയും കാണുകയായിരുന്നു ശശി. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ഏതെങ്കിലും നേതാക്കളെ കൊലപ്പെടുത്തി കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടത്. ഇരുവര്‍ക്കും കൈകൊടുത്ത സുധാകരനും രാഘവനും പിന്നീടുള്ള കൂടിക്കാഴ്ചകളില്‍ 10,000 രൂപ വീതം നല്‍കി. സിപിഎമ്മിന്റെ ചണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നേതാക്കള്‍ മടങ്ങുമ്പോഴാകും വധിക്കാന്‍ പറ്റിയ സാഹചര്യമെന്നും ധാരണയായി. പലപ്പോഴായി നാലു തോക്കുകള്‍ സംഘടിപ്പിച്ച് നല്‍കിയ കെ.സുധാകരന്‍, പാര്‍ട്ടി കോണ്‍ഫറന്‍സ് തീരുന്നതിന് ഒരാഴ്ച മുന്‍പ് തലശേരിയില്‍ നിന്ന് നിമാസുദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഇരുവരെയും ഡല്‍ഹിക്ക് അയച്ച് അവിടെ താമസസൗകര്യവും ഒരുക്കിക്കൊടുത്തു.

പാര്‍ട്ടി കോണ്‍ഗ്രസ് തീര്‍ന്നതോടെ ഇപി ജയരാജനും സംഘവും മടങ്ങിയ ട്രെയിനിന്റെ ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറിയാണ് വിക്രംചാലില്‍ ശശിയും ദിനേശനും യാത്ര തുടങ്ങിയത്. പത്തുമണിയോടെ മുഖം കഴുകാന്‍ വാഷ് ബേസിനരികിലേക്ക് എത്തിയപ്പോള്‍ ജയരാജനുനേരെ ശശി രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടി മറ്റൊരു ട്രെയിനില്‍ കയറി നാട്ടിലേക്ക് പുറപ്പെട്ട ശശിയെ മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു. ട്രെയിനില്‍ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിക്രംചാലില്‍ ശശിയെ മദ്രാസ് റെയില്‍വേ പോലീസാണ് പിടികൂടിയത്. സാക്ഷികളുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ മൊഴിയുടെ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് കേസെടുത്ത കേരള പോലീസല്ല, മദ്രാസ് റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിതീര്‍ത്ഥന്‍ നേരിട്ട് രേഖപ്പെടുത്തിയ മൊഴിയാണ് എന്നതിന് തെളിവായി ഒപ്പും സീലും രേഖകളിലുണ്ട്.

കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കെ.സുധാകരന്റെ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. കേസില്‍ അവശേഷിക്കുന്ന ഏക പ്രതിയായ കെ.സുധാകരനെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് റദ്ദാക്കിയത്. ഇതിനെ തുടര്‍ന്നാണ് നിലവില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം നടന്നിട്ടില്ലെന്നും ഇത് പ്രത്യേകം കേസായി അന്വേഷിക്കേണ്ടതാണ് എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അന്നും ഇന്നും വാദിച്ചത്.

പ്രതികളില്‍ നിന്ന് നാല് തോക്കുകള്‍ ആന്ധ്ര പ്രദേശ് പോലീസ് പിടികൂടിയിരുന്നു. ഇവയെല്ലാം കെ.സുധാകരന്‍ നല്‍കിയതാണെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഇവര്‍ താമസിച്ച ശ്രീദേവി ടൂറിസ്റ്റ് ഹോമില്‍ നിന്നും കെ.സുധാകരന്‍ താമസിച്ചിരുന്ന തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നുമുള്ള ഒക്കുപ്പന്‍സി രജിസ്റ്ററിന്റെ കോപ്പികള്‍ കേസില്‍ തെളിവായി പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ ശ്രീദേവി ടൂറിസ്റ്റ് ഹോമില്‍ താമസിച്ചുകൊണ്ട് തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് ഇവര്‍ വിളിച്ചതും തിരിച്ച് വിളിച്ചതുമായുള്ള ഫോണ്‍കോളുകളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പം ഉണ്ട്.

ആന്ധ്ര പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ സുധാകരനും എംവി രാഘവനും അടക്കം നാലുപ്രതികള്‍ ഉണ്ടായിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇത് രണ്ടായി കുറഞ്ഞു. ഇതില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി വിക്രംചാലില്‍ ശശി 1999 ല്‍ കൂത്തുപറമ്പില്‍ വച്ച് കൊല്ലപ്പെട്ടു. രണ്ടാം പ്രതി ദിനേശന് 19 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചു. സുധാകരനും രാഘവനും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവായപ്പോള്‍ ഇവരുള്‍പ്പെട്ട ഗൂഢാലോചന കണ്ടെത്താന്‍ വിപുലമായ അന്വേഷണം വേണ്ടിവരും എന്നായിരുന്നു ആന്ധ്ര പോലീസിന്റെ നിലപാട്. ഇതിനായി ഡല്‍ഹിയിലും കേരളത്തിലുമെല്ലാം തെളിവെടുക്കേണ്ടി വരുമെന്നും വധശ്രമത്തില്‍ നേരിട്ട് പങ്കെടുത്തവരെ ചേര്‍ത്ത് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമായിരുന്നു അന്നത്തെ വിശദീകരണം. സംഭവത്തില്‍ രാഷ്ട്രീയ ഒത്തുകളി തുടക്കം മുതലേ സിപിഎം ആരോപിക്കുന്നുണ്ട്.

ഇതേതുടര്‍ന്നാണ് തിരുവനന്തപുരത്തും കണ്ണൂരിലും ഡല്‍ഹിയിലുമായി നടന്ന ഗൂഡാലോചനകളുടെ അന്വേഷണത്തിനായി കേരള പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലാകെ നാല് പ്രതികളായിരുന്നു. കെ.സുധാകരന്‍ ഒന്നാം പ്രതിയും എംവി രാഘവന്‍ രണ്ടാം പ്രതിയും ആയിരുന്നു. സുധാകരനെ 1997 ല്‍ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചതിനാല്‍ ചോദ്യം ചെയ്യാനായില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിക്രംചാലില്‍ ശശിയും ദിനേശനും നാലും അഞ്ചാം പ്രതിയുമായിരുന്നു. എഫ്‌ഐആറില്‍ മൂന്നാം പ്രതിയായി ചേര്‍ത്തിരുന്നയാളെ കുറ്റപത്രം കൊടുക്കുമ്പോള്‍ ഒഴിവാക്കി. ഈ പ്രതികള്‍ക്കെല്ലാം പിന്തുണയായി ഉണ്ടായിരുന്ന ഒരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും അയാളെ തിരിച്ചറിയാനായില്ല.

Top