CMDRF

തൈര് കഴിച്ചാൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുമോ?

തൈര് കഴിച്ചാൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുമോ?
തൈര് കഴിച്ചാൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുമോ?

തൈര് കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. ഇഷ്ടമി്ലലാത്തവരും ഉണ്ട്. ചിലര്‍ക്ക് തൈര് കഴിച്ചാല്‍ കഫക്കെട്ട്, തുമ്മല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളും അലര്‍ജിയും വരും. മിക്ക വീടുകളിലും ഉള്ള ഒന്നാണ് തൈര്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു.

പലര്‍ക്കും ആഹാരം കഴിച്ചുകഴിയുമ്പോള്‍ വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി, നെഞ്ചെരിച്ചില്‍ ന്നെിങ്ങനെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വരുന്നത് കാണാം. എന്നാല്‍ തൈര് കഴിച്ചാല്‍ ദഹനം മെച്ചപ്പെടുത്തുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തൈര് പാലില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് നമ്മള്‍ക്കറിയാം. പാലില്‍ നല്ലപോലെ കാത്സ്യം അടങ്ങിയിരിക്കുന്നത് പോലെ തന്നെ തൈരില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഇത്് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. അതുപോലെ, നമ്മളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ തൈര് നല്ലതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്‌റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെ തൈര് കൊളസ്‌ട്രോളിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

പാലില്‍ പ്രത്യേക ബാക്ടീരിയല്‍ കള്‍ച്ചര്‍ ചെയ്തുണ്ടാക്കുന്ന പുളിപ്പിച്ച പാലുല്‍പ്പന്നമാണ് തൈര്. ഇത് പാലിലെ ലാക്ടോസ് പുളിപ്പിച്ച് ലാക്ടിക് ആസിഡ് ഉണ്ടാക്കുന്നു. ലാക്ടിക് ആസിഡാണ് തൈരിന് രുചിയും കട്ടിയുള്ള ഘടനയും നല്‍കുന്നത്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, പ്രോബയോട്ടിക്‌സ് എന്നിവയുള്ള തൈര് കുടലിന്‌റെ ആരോഗ്യത്തിന് സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകളുള്ളവയാണ്. തൈര് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാലിന് അനുസരിച്ച് ഗുണങ്ങളിലും വ്യത്യാസമുണ്ടാകുന്നു. പൂരിതകൊഴുപ്പ് അടങ്ങിയ തൈര് കൂടിയ എല്‍ഡിഎല്‍ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊളസ്‌ട്രോളും തൈരും പല പഠനങ്ങളിലും വിഷയമായിട്ടുണ്ടെങ്കിലും സമ്മിശ്രഫലങ്ങളാണ് ഇവയെല്ലാം നല്‍കുന്നത്. കൊഴുപ്പ് കുറഞ്ഞ തൈര് കൊളസ്‌ട്രോളിന്‌റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുമ്പോള്‍ കൊഴുപ്പുള്ള തൈര് കൊളസ്‌ട്രോള്‍ അളവില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും ചെറിയ വ്യത്യാസം മാത്രവേ വരുത്തുന്നുള്ളുവെന്നുമൊക്കെ പഠനങ്ങള്‍ പറയുന്നു.

തൈര് കൊളസ്‌ട്രോളിന് ഗുണകരമാണെന്ന് കരുതുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇതിലുള്ള പ്രോബയോട്ടിക് കണ്ടന്‌റാണ്. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അങ്ങനെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും തൈര് സഹായിച്ചേക്കാം.

Top