മിഡില്‍ ഈസ്റ്റിന്റെ നയതന്ത്ര ഭൂപടത്തില്‍ സൗദി അറേബ്യയുടെ പേരെഴുതി ചേര്‍ക്കാന്‍ അമേരിക്ക ഏറെ നാളായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ‘പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് ‘മുന്‍പ് അത്തരമൊരു സാധ്യതയിലെന്ന അന്ത്യശാസനം നല്‍കി കഴിഞ്ഞിരിക്കുകയാണ് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. മിഡില്‍ ഈസ്റ്റിന്റെ നയതന്ത്ര ഭൂപടത്തെ പുനര്‍രൂപകല്‍പ്പന ചെയ്യുന്ന വിഷയത്തില്‍ ഇനി ഒരു നീക്കത്തിനുള്ള അവസരം ഇസ്രയേലിനൊരുങ്ങുമോ എന്നുള്ളതും സംശയമാണ്. ലെബനനിലെ ഡസന്‍ കണക്കിന് ഹിസ്ബുള്ള പോരാളികളെയും സാധാരണക്കാരെയും കൊന്നൊടുക്കിയ പേജറുകളും വാക്കി-ടോക്കികളും അതിന്റെ അവസാന സാധ്യതകളെയും ശിഥിലമാക്കി എന്നുവേണം പറയാന്‍.
ആഭ്യന്തരരംഗത്ത് നേട്ടങ്ങളുടെ നെറുകയിലാണ് സൗദി അറേബ്യ. ലോക മുസ്ലീങ്ങളുടെ കണ്ണില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം ഇസ്രയേല്‍ ഏറെ സ്വപനം കണ്ടിരുന്നതുമാണ്. ഇസ്ലാമിന്റെ രണ്ട് പുണ്യസ്ഥലങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ സൗദിയുടെ ഓരോ പ്രവര്‍ത്തനങ്ങളും വളരെ ശ്രദ്ധയോടെയാണ് മുസ്ലിം ലോകം നിരീക്ഷിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി, സൗദി അറേബ്യയുടെ നേതാക്കള്‍, മറ്റ് അറബ് രാജ്യങ്ങളെപ്പോലെ, ഇസ്രായേലിനെ അംഗീകരിക്കാന്‍ ആദ്യം വിസമ്മതിച്ചു. മുസ്ലിം രാജ്യങ്ങള്‍ ഇസ്രയേലിനെ അകറ്റി നിര്‍ത്തുന്നതായിരുന്നു സമീപകാലം വരെയുള്ള കാഴ്ച. ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നത്.
Also Read: ഇറാൻ പ്രസിഡൻ്റിനെ കൊന്നതാണെങ്കിൽ, ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് വൻ ഭീഷണിയാകും
2020 ലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഗള്‍ഫ് അയല്‍ക്കാരായ ബഹ്‌റൈനും യുഎഇയും മൊറോക്കോയും ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നത്. ചുവടുപിടിച്ച് സൗദി അറേബ്യയും സമാന നീക്കത്തിനുള്ള സാധ്യതയെക്കുറിച്ച് ആലോചന നടത്തി. തൊട്ടുപിന്നാലെയായിരുന്നു സൗദിയുമായുള്ള ചര്‍ച്ച. ഇതിനായി മുന്നോട്ടുവന്ന ആദ്യ സൗദി നേതാവായി മുഹമ്മദ് രാജകുമാരനും മാറി. സൗദിയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഇസ്രയേലിന് വലിയ നേട്ടമാകുമായിരുന്നു. എന്നാല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതോടെ ചിത്രം മാറി. പിന്നീടങ്ങോട്ട് സൗദിയുമായൊരു ബന്ധം ഇസ്രയേലിന് കിട്ടാക്കനിയായി മാറുകയായിരുന്നു.
ഹമാസ് ഗാസ യുദ്ധത്തിന് തുടക്കമിടുന്നതിന് മുമ്പുവരെ ഇസ്രയേല്‍-സൗദി സംയുക്തമായ ഒരു കരാറിലേക്കെത്തിയതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 7 നു ആരംഭിച്ച ഇസ്രയേല്‍- ഹമാസ് യുദ്ധം കാര്യങ്ങളുടെ ഗതിയെ മാറ്റി. പലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രയേല്‍ അധിനിവേശ കുറ്റകൃത്യങ്ങള്‍ സൗദിയെ കൂടുതല്‍ ചൊടിപ്പിച്ചു.
Also Read: മാധ്യമങ്ങളോടും ഭയം..! അല്‍ജസീറയ്ക്ക് പൂട്ടിടാന്‍ നെതന്യാഹു
അമേരിക്കയുമായുള്ള പ്രതിരോധ ഉടമ്പടിയും സിവിലിയന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സഹായവും ഉള്‍പ്പെടെയുള്ള സുരക്ഷാ ഗ്യാരണ്ടികളാണ് സൗദി അറേബ്യയെ പ്രധാനമായും ആകര്‍ഷിച്ചത്. എന്നാല്‍ യുദ്ധാനന്തരം അവയെല്ലാം അനിശ്ചിതത്വത്തിലായി. ബൈഡന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി ഇസ്രയേല്‍-സൗദി കരാര്‍ അന്തിമമാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നെതന്യാഹുവിന്റെ നെറികെട്ട കളികള്‍ ആ അവസരവും നഷ്ടമാക്കി.
ഇസ്രായേല്‍-ഹമാസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ ഇസ്രയേലും സൗദി അറേബ്യയുമായുള്ള പരസ്പരബന്ധം സാധാരണ നിലയിലാക്കുന്നതില്‍ അമേരിക്ക ചില്ലറയൊന്നുമല്ല പണിപ്പെട്ടിരുന്നത്. അമേരിക്കയുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ നേരത്തെ ഇസ്രയേലുമായി ഒരു കരാറിന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് സൗദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം കടുത്തതും സൗദി അറേബ്യ- ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ സാധുതയെ വഷളാക്കി. ഇസ്രയേലും സൗദി അറേബ്യയും നടത്തിവന്ന ചര്‍ച്ച ഇതോടെ നിലച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലും മറ്റ് മേഖലയിലും ഇസ്രയേലിനെതിരായ വികാരം ശക്തിപ്പെടാനും കാരണമായി.
ഷിയാ ആഭിമുഖ്യമുള്ള രാജ്യങ്ങളും സംഘങ്ങളും ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സകല ചര്‍ച്ചകള്‍ക്കും മുന്നിട്ടുനിന്ന അമേരിക്ക ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടില്ലെന്ന ഭാവത്തില്‍ തന്നെയാണ്. ഗാസയ്ക്കെതിരായി ഇസ്രയേല്‍ നടത്തുന്ന നിരന്തര ആക്രമണം തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ശ്രമിച്ചുവെന്ന കെട്ടുകഥ നിലനിര്‍ത്താനും പരിശ്രമിക്കുന്നുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയ പല അവസരങ്ങളിലും സഖ്യ കക്ഷികളെയടക്കം ഞെട്ടിച്ചുകൊണ്ട് ബോംബാക്രമണം അവലംബിച്ചതിന്റെയും ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി അമേരിക്കയും ഈജിപ്തും ഖത്തറും നടത്തിയ എല്ലാ ശ്രമങ്ങളും നെതന്യാഹു ബോധപൂര്‍വം അട്ടിമറിക്കുകയും ചെയ്തതിന് പിന്നിലും നെതന്യാഹുവിന്റെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുണ്ടെന്നുതന്നെ സംശയിക്കാം.
Also Read: ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം
രാജ്യത്തിനകത്തെ അഴിമതി ആരോപണത്തില്‍പെട്ട് ജയിലില്‍ പോകാതിരിക്കാനുള്ള നെതന്യാഹുവിന്റെ അടവാണ് യുദ്ധം നീട്ടിക്കൊണ്ട് പോകുന്നതിനു പിന്നിലെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ സുപ്രീംകോടതി നെതന്യാഹുവിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സ്വാഭാവികമായും അത്തരമൊരു സംശയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം യുദ്ധം അവസാനിക്കുന്ന നിമിഷം മുന്നിലുള്ളത് ജയിലിലേക്കുള്ള വാതില്‍ മാത്രമാണ്. അതുകൊണ്ട് തന്നെയാണ് തുടരെയുള്ള ഈ പൊട്ടിത്തെറികള്‍.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വെടിനിര്‍ത്തലിന് സമ്മതമേകാന്‍ അമേരിക്ക നെതന്യാഹുവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയതും മൊസാദിനോട് ഒരുങ്ങിയിരിക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടതും അറസ്റ്റ് ഭയന്ന് തന്നെയാണ്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായാലും കമലാ ഹാരിസായാലും ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനെക്കാള്‍ ഉത്സാഹം കാണിക്കുമെന്ന് ഇസ്രയേലിന് അറിയാം. കൂട്ടക്കുരുതികള്‍ അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുക്കമല്ലെന്നതിന്റെ ഉദാഹരണങ്ങളാണ് പേജര്‍ ആക്രമണങ്ങളും ലെബനന് നേരെ നടന്ന കൂട്ട ആക്രമണങ്ങളും.