കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ. രണ്ടുമാസമാണ് ഇതിനായി അനുവദിച്ച സമയം. ഗാർഹിക തൊഴിലാളികൾക്ക് ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെ ഇതിനായുള്ള അപേക്ഷകൾ നൽകാം. ഒരേ തൊഴിലുടമയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തവർക്കാണ് വിസ മാറ്റത്തിന് അനുമതി. 50 ദീനാർ ഫീസ് ഈടാക്കും.
കരാർ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഇത്തരക്കാരിൽനിന്ന് ഈടാക്കും. അപേക്ഷകന് അപേക്ഷ സമർപ്പിക്കുവാൻ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. വിസമാറ്റവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ വൈകാതെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തേ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻറെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.
തുടർന്ന് വിസ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കരട് തയാറാക്കാൻ മാൻപവർ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് (വിസ- 20) സ്വകാര്യ മേഖലയിലേക്ക് (വിസ-18) മാറ്റുന്നത് അനുവദനീയമാകും. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം. കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തും 13 ശതമാനവുമായി ഫിലിപ്പീൻസുകാർ രണ്ടാം സ്ഥാനത്തുമാണ്. പുതിയ തീരുമാനം മലയാളികളടക്കമുള്ള ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമാകും.