ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച ഭര്‍ത്താവിന് തടവുശിക്ഷ

ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ വിധിച്ചു

ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച ഭര്‍ത്താവിന് തടവുശിക്ഷ
ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച ഭര്‍ത്താവിന് തടവുശിക്ഷ

തൃശൂര്‍: ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാത്തതിനാല്‍ ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം മൂലം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലാണ് പ്രതിയായ ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

2019 ജൂണ്‍ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാര്‍ലറില്‍ വെച്ചാണ് സംഭവം നടന്നത്. തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിക്രമത്തിന് ഇരയായ ഭാര്യക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.

Also Read: തൃശ്ശൂർ പൂരവിവാദം : ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സുരേഷ് ഗോപി

2006 മുതല്‍ പ്രതി മദ്യപിച്ച് യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി യുവതി ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 15 രേഖകള്‍ ഹാജരാക്കുകയും 10 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് സബ് ഇന്‍സ്പെക്ടറായ സനീഷ് എസ്.ആര്‍. എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Top