ഡല്‍ഹി: 2005ലെ ഗാര്‍ഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ബാധകമായ സിവില്‍ കോഡാണെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 2005ലെ നിയമം എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് എന്‍.
കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാ അവകാശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിനും ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്നതിനുമായി മതപരമായ ബന്ധമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ബാധകമായ സിവില്‍ കോഡിന്റെ ഒരു ഭാഗമാണ് ഈ നിയമം- ബെഞ്ച് പറഞ്ഞു.
ജീവനാംശവും നഷ്ടപരിഹാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടക ഹൈകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. യുവതി നേരത്തെ മജ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ 12,000 രൂപ പ്രതിമാസ ജീവനാംശവും ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ 2015 ഫെബ്രുവരിയില്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഭര്‍ത്താവ് മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കാലതാമസത്തിന്റെ പേരില്‍ തള്ളി.
Also read: വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന് പട്ന ഹൈക്കോടതി: തിരിച്ചടിച്ച് സുപ്രീംകോടതി
പിന്നീട്, നിയമത്തിന്റെ 25ആം വകുപ്പ് പ്രകാരം ഉത്തരവുകളുടെ കാലാവധിയും മറ്റും കാണിച്ച് ഇയാള്‍ മറ്റൊരു അപേക്ഷ ഒരു മജിസ്ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. തുടര്‍ന്നിയാള്‍ അപ്പീല്‍ കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തു. അത് അനുവദിക്കുകയും ഇരു കക്ഷികള്‍ക്കും അവരുടെ തെളിവുകള്‍ ഹാജറാക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഉത്തരവില്‍ വിഷമിച്ച യുവതി ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുവതിയുടെ ഹരജി തള്ളുകയും നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം പുരുഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാന്‍ മജിസ്ട്രേറ്റിനോട് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ , ഹൈകോടതിയുടെയും ഒന്നാം അപ്പീല്‍ കോടതിയുടെയും ഉത്തരവുകള്‍ റദ്ദാക്കിയ ബെഞ്ച് ഇയാള്‍ നല്‍കിയ അപേക്ഷ തള്ളി. ഈ വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.