വാഷിങ്ടന്‍: യുഎസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി ഡോണള്‍ഡ് ട്രംപ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ ഭാഗമായാണു ട്രംപിന്റെ നീക്കം. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അര ദശലക്ഷം യുഎസ് പൗരന്മാരുടെ പങ്കാളികള്‍ക്കുള്ള വീസ നിയമങ്ങളില്‍ ബൈഡന്‍ ഇളവ് വരുത്തിയതിനു പിന്നാലെയാണു ട്രംപിന്റെ വാഗ്ദാനവും.
യുഎസ് പൗരത്വത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഗ്രീന്‍ കാര്‍ഡ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നു ആളുകളെ നിയമിക്കാന്‍ ടെക് കമ്പനികളെ സഹായിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് കമ്പനികള്‍ക്ക് മിടുക്കരായ ആളുകളെ ആവശ്യമാണ്. എന്നാല്‍ അവര്‍ക്കു രാജ്യത്ത് തുടരാന്‍ കഴിയാത്തതിനാല്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടെക്കികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള എച്ച് 1ബി വീസകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കന്‍ പൗരന്മാരായ തൊഴിലാളികള്‍ക്കു മുന്‍ഗണന നല്‍കുമെന്നും 2016ല്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.