വാഷിങ്ടൻ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെതിരെ അധിക്ഷേപം തുടർന്ന് ഡോണൾഡ് ട്രംപ്. വിസ്കോസിനിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കമല മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് ട്രംപ് അധിക്ഷേപിച്ചത്. ഇതാദ്യമായല്ല കമലയ്‌ക്കെതിരെ വ്യക്തിപരമായും വംശീയമായും ട്രംപ് അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് കമല മെക്സിക്കൻ അതിർത്തിയിൽ സന്ദർശനം നടത്തിയത്. ഇതിനെ തുടർന്നും ട്രംപ് ഗുരുതര പരാമർശങ്ങൾ നടത്തിയിരുന്നു. അതിർത്തി കടന്നെത്തുന്നവർ അമേരിക്കയിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നുവെന്നും ട്രംപ് ആരോപിച്ചു.
Also Read: വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ: മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യാഹു
കുടിയേറ്റ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുക, നിയമവിരുദ്ധരെ നാടുകടത്തുക എന്നീ ബാനറുകൾ ഉയർത്തി പിടിച്ചാണ് ട്രംപിന്റെ പരിപാടിയിൽ ആളുകളെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ കനത്ത പോരാട്ടമാണ് കമല നടത്തുന്നത്.
അതേസമയം, ട്രംപിനെതിരെ വിമർശനവുമായി കമലഹാരിസിന്റെ പ്രചാരണ വിഭാഗം രംഗത്തെത്തി. അമേരിക്കൻ ജനതയെ പ്രചോദിപ്പിക്കുന്ന ഒന്നും നൽകാൻ ട്രംപിന് സാധിക്കുന്നില്ലെന്നും അമേരിക്കയെ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ് ട്രംപ് ചെയ്യുന്നതെന്നും കമല ഹാരിസിന്റെ പ്രചാരണവിഭാഗം കുറ്റപ്പെടുത്തി.