പെൻസിൽവേനിയ; തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്‌ലർ പട്ടണത്തിൽ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
‘പെൻസിൽവേനിയയിലെ ബട്‌ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും സുന്ദരവുമായ റാലി സംഘടിപ്പിക്കും.’ – സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചു. എന്നാൽ റാലിയുടെ തീയതി പ്രഖ്യാപിക്കാഞ്ഞ ട്രംപ്, കുടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നു കുറിച്ചു.
കഴിഞ്ഞ 14ന് പ്രാദേശിക സമയം വൈകിട്ട് 6.15ന് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഡോണൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ട്രംപിന്റെ വലതു ചെവിയുടെ മുകൾഭാഗത്തു മുറിവേൽപിച്ചുകൊണ്ട് വെടിയുണ്ട കടന്നുപോയി.
അദ്ദേഹത്തിനു പിന്നിലായി വേദിയിലുണ്ടായിരുന്ന അനുയായി കോറി കോംപറാറ്റോർ (50) വെടിയേറ്റു മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വേദിയിൽനിന്ന് 140 മീറ്റർ അകലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു ട്രംപിനു നേരെ 4 തവണ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിനെ (20) സുരക്ഷാസംഘാംഗങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വെടിവച്ചുകൊന്നു.