ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്; യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് എസ് ജയശങ്കര്‍

ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്; യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് എസ് ജയശങ്കര്‍
ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്; യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് എസ് ജയശങ്കര്‍

കൊല്‍ക്കത്ത: ചബഹാര്‍ തുറമുഖ ഇടപാടുമായി ബന്ധപ്പെട്ട യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം മേഖലയ്ക്കാകെ ലഭ്യമാകും. ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തുറമുഖ ടെര്‍മിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടത്. പത്തുവര്‍ഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാല്‍ ഉപരോധം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത പട്ടേല്‍ നല്‍കിയ മുന്നറിയിപ്പ്.

പദ്ധതിയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാല ബന്ധമുണ്ടെന്നും എന്നാല്‍ ദീര്‍ഘകാല കരാറില്‍ ഒപ്പിടാന്‍ സാധിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു.’ഞങ്ങള്‍ക്ക് ചബഹാര്‍ തുറമുഖവുമായി ദീര്‍ഘകാല ബന്ധമുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് ഒരിക്കലും ദീര്‍ഘകാല കരാറില്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. കാരണം ഇറാന്റെ ഭാഗത്ത് വിവിധ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംയുക്ത സംരംഭ പങ്കാളിയിലെ മാറ്റങ്ങള്‍, വ്യവസ്ഥകള്‍ മുതലായവ പോലെ ഇറാനിയന്‍ ഭാഗത്ത് വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍, ഇത് പരിഹരിക്കാനും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടപാട് ആവശ്യമാണ്, കാരണം ഇത് കൂടാതെ പോര്‍ട്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ല. അതിന്റെ പ്രവര്‍ത്തനം മുഴുവന്‍ പ്രദേശത്തിനും പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’, മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സ്വന്തം പുസ്തകമായ വൈ ഭാരത് മാറ്റേഴ്സിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് യുഎസുമായി ആശയവിനിമയം നടത്തി ബോദ്ധ്യപ്പെടുത്തും. ഇത് എല്ലാവരുടേയും പ്രയോജനത്തിന് വേണ്ടിയുള്ളതാണ്. ആളുകള്‍ ഇതിനെ ഇടുങ്ങിയ ചിന്താഗതിയായി കാണരുതെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐപിസിഎല്‍) ഇറാന്റെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പിഎംഒ) തമ്മില്‍ ദീര്‍ഘകാല ഉഭയകക്ഷി കരാര്‍ തിങ്കളാഴ്ചയാണ് ഒപ്പുവച്ചത്.

അതേസമയം മുന്‍പ് ചബഹാറിന്റെ അന്തര്‍ദേശീയ പ്രാധാന്യത്തെ അമേരിക്ക പ്രശംസിച്ചിരുന്നതായി മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യ ദീര്‍ഘകാലമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയാണെങ്കിലും ഇറാന്റെ ഭാഗത്ത് വിവിധ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ഇതിന്‍ മേല്‍ കരാറുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പത്ത് വര്‍ഷത്തേക്ക് തുറമുഖം ഏറ്റെടുക്കാവന്‍ സാധിച്ചത് നയതന്ത്രവിജയമായാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Top