മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകള്‍ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍,രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ തുലാസില്‍ ആയി പോയേക്കാവുന്ന തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി സര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പാര്‍ട്ടിയുമായി പോലും സീറ്റുകള്‍ പങ്കുവെച്ചും പിന്തുണ നല്‍കിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ രാജ്യം മുഴുവന്‍ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നതെന്ന് രമ്യ വിമര്‍ശിച്ചു.
ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തില്‍ രാഹുല്‍ജിയെ അവഹേളിക്കുന്നത്, ഭാരത്‌ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. ഇന്ത്യാ മുന്നണിക് നേതൃത്വം നല്‍കുന്ന രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്. ഈ രാജ്യത്തെ സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള അപേക്ഷയാണെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.