ഇനി നോനി പഴത്തെ മാറ്റി നിര്‍ത്തേണ്ട

ഇനി നോനി പഴത്തെ മാറ്റി നിര്‍ത്തേണ്ട

നപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി. ഇന്ത്യന്‍ മള്‍ബറി,ബീച്ച് മള്‍ബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിന്‍ഡ എന്നിങ്ങനെ പേരുകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്. റുബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമാണിത്. തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ ആസ്‌ട്രേലിയ വരെയുള്ള ഭാഗങ്ങളാണ് ഇതിന്റെ ജന്മദേശം. പതിനെട്ടു മാസംകൊണ്ട് വളര്‍ച്ചപ്രാപിക്കുന്ന നോനി, വര്‍ഷത്തില്‍ എല്ലാമാസത്തിലും 4 മുതല്‍ 8 കിലോഗ്രാം വരെ ഫലം പ്രധാനം ചെയ്യുന്നു. ലവണാംശമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. ഒമ്പത് മീറ്റര്‍ നീളത്തില്‍ വളരാന്‍ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്.

വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളില്‍ പ്രധാന ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. ചവര്‍പ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നു. പസഫികിലെ ചില ദ്വീപുകളില്‍ പാകം ചെയ്തും അല്ലാതെയുമുള്ള പ്രധാന ധാന്യമായും ഇതുപയോഗിക്കാറുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യക്കാരും ആസ്‌ട്രേലിയന്‍ ആദിമനിവാസികളും പാകം ചെയ്യാതെ ഉപ്പ് ചേര്‍ത്തും കറികളില്‍ വേവിച്ചും കഴിക്കാറുണ്ട്. ഫലവിത്തുകള്‍ വറുത്ത് ഭക്ഷിക്കാവുന്നതാണ്. നോനിപ്പഴത്തിന്റെ ചാറ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിക്കപ്പടുന്നു. ഇതിന്റെ പഴസത്തില്‍ ബ്രോമിലിന്‍ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ ഹെനിന്‍കെ സിറോനിന്‍ അന്ന ആല്‍ക്കലോയിഡും പ്രോസിനോറിന്‍, ബീറ്റാകരോട്ടിന്‍, ലിനോനിക് ആസിഡ്, ബീറ്റാ സിറ്റോസ്റ്റിറോള്‍, ജീവകം സി എന്നിവയും അടങ്ങിയിരിക്കുന്നു.

കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നോനി കൃഷിചെയ്യപ്പെടുന്നു. പുഴ-കടല്‍ തീരങ്ങളിലെ തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതല്‍ 40 വര്‍ഷം വരെ ചെടികള്‍ക്ക് ആയുസ്സുണ്ട്. വളരുമ്പോള്‍ പച്ചനിറമുള്ള നോനിയുടെ കായ മഞ്ഞനിറമായിത്തീരുകയും മൂക്കുമ്പോള്‍ വെളുത്ത് ചെടിയില്‍ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവുമുണ്ടാകും. ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം. നോനിയുടെ രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു അതിന്റെ ഉപയോഗത്തെ ഇത്രയും കാലം തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നോനി വ്യവസായികാടിസ്ഥാനത്തില്‍ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കന്‍ വിപണിയില്‍ സുലഭമാണ്.

Top