തിരുവനന്തപുരം: താഴേ തട്ടിൽ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സിപിഎം. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് പരാമർശം. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.
താഴേ തട്ടിൽ പാർട്ടി സംവിധാനങ്ങൾ ദുർബലമാകുകയാണ്. അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളിൽ നേതൃതലത്തിൽ വരേണ്ടവരുടെ യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്. നിലവിൽ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തിൽ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റി നിർദ്ദേശം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കരുത്. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറിമാർ ആക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും രേഖയിലുണ്ട്. വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.
Also read: മുക്കം നഗരസഭയിൽ തമ്മിലടിച്ച് എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ
വ്യക്തി കേന്ദ്രീകൃത പ്രവർത്തനവും തുരുത്തുകൾ സൃഷ്ടിക്കലും അനുവദിക്കില്ല. വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാർട്ടി വിട്ടു പോയവരുടേയും മറ്റ് പാർട്ടികളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയവരുടേയും വിവിധ കേസുകളിൽ പെട്ടവരുടേയും വിവരങ്ങൾ നൽകാനും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സെപ്തംബർ ഒന്നിനാണ് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.